മോസ്‌കോ- ഇസ്രായിലിൽനിന്ന് വരുന്ന ജൂത യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ റഷ്യയിൽ 60 പേരെ അറസ്റ്റ് ചെയ്തു. കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്താനിലെ വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയ 60 പേരെ അറസ്റ്റ് ചെയ്തതായി റഷ്യൻ പോലീസ് അറിയിച്ചു. ഇസ്രായിലിൽനിന്ന് എത്തിയ വിമാനത്തിൽ ജൂതൻമാരുണ്ടോ എന്ന് അന്വേഷിച്ചാണ് ആൾക്കൂട്ടം വിമാനതാവളത്തിലേക്ക് ഇരച്ചുകയറിയത്. പോലീസുമായുള്ള ഉന്തിലും തള്ളിലും ഒൻപത് പോലീസുകാർക്ക് പരിക്കേറ്റു. രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ റഷ്യയോട് ഇസ്രായിൽ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ അമേരിക്ക അപലപിച്ചു. ടെൽ അവീവിൽ നിന്ന് പുറപ്പെട്ട റെഡ് വിംഗ്‌സ് വിമാനം ഞായറാഴ്ച വൈകുന്നേരം 7:00 ന് മഖച്കലയിൽ ലാൻഡ് ചെയ്തപ്പോഴാണ് സംഭവം. രണ്ട് മണിക്കൂറിന് ശേഷം മോസ്‌കോയിലേക്ക് വീണ്ടും പറന്നുയരേണ്ട ഒരു ട്രാൻസിറ്റിംഗ് വിമാനമാണ് ഇതെന്ന് സ്വതന്ത്ര റഷ്യൻ മാധ്യമമായ സോട്ട പറഞ്ഞു. ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്ന് ഡാഗെസ്താൻ ഗവർണർ സെർജി മെലിക്കോവ് ഉറപ്പു നൽകി. ആക്രമികളെ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരിൽ 60 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനത്താവളം ഇപ്പോൾ പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. നവംബർ 6 വരെ വിമാനത്താവളം അടച്ചിടുമെന്ന് റഷ്യയുടെ വ്യോമയാന ഏജൻസി ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കി. കുട്ടികളുടെ കൊലയാളികൾക്ക് ഡാഗെസ്താനിൽ സ്ഥാനമില്ല എന്നെഴുതിയ ബോർഡ് പിടിച്ചാണ് പ്രതിഷേധക്കാർ എത്തിയത്.
റഷ്യൻ അധികാരികൾ എല്ലാ ഇസ്രായിൽ പൗരന്മാരെയും എല്ലാ ജൂതന്മാരെയും സംരക്ഷിക്കുമെന്നും കലാപകാരികൾക്കെതിരെയും യഹൂദർക്കും ഇസ്രായിലികൾക്കും എതിരായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനെതിരെയും നിർണ്ണായകമായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.