വീട്ടില്‍ കയറിയ പാമ്പിനെ പുറത്തു ചാടിക്കാന്‍ മുറിയ്ക്കുള്ളില്‍ പുകയിട്ടു, ഒടുവില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു

ലഖ്‌നൗ - വീട്ടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പുറത്ത് ചാടിക്കാന്‍ വീട്ടിനുള്ളില്‍ പുകയിട്ടു, ഒടുവില്‍ ്‌വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. രാജ്കുമാര്‍ എന്നയാളുടെ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികള്‍ക്കുമൊപ്പമാണ് രാജ്കുമാര്‍ താമസിച്ചിരുന്നത്. രാവിലെയോടെ ഇവര്‍ വീട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാന്‍ വീട്ടുകാര്‍ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളില്‍ കയറി. എന്നാല്‍ അപ്രതീക്ഷിതമായി വീടിന് തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ക്വിന്റല്‍ കണക്കിന് ധാന്യങ്ങളും ചാരമായി. വിവരമറിഞ്ഞ്  പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വത്തുക്കളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

 

Latest News