ശ്രീജിത്ത് ദിവാകരന് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്
ദിവസം അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് രണ്ട് മൃത ശരീരങ്ങൾ മാത്രമല്ല, ഒരു കൂട്ടം ആശങ്കകളുമാണ്.
ആസ്പത്രി കിടക്കകളിൽ പല മനുഷ്യരുണ്ട്. അവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും സമാധാനം ലഭിക്കട്ടെ. പ്രാർത്ഥനകളുടെ വഴി സ്വീകരിച്ച മനുഷ്യർക്ക് അവരുടെ വിശ്വാസങ്ങൾ കരുത്ത് നൽകട്ടെ.
എറണാകുളത്തും പരിസരങ്ങളിലും ജോലി ചെയ്യുന്ന മുസ്ലിം യുവാക്കളുടെ പലരുടേയും വീട്ടുകാർ ഇന്ന് തീ തിന്നിരിക്കണം. ആരെയാണ് എന്തിനാണ് പിടിച്ച് കൊണ്ടുപോവുക എന്നാർക്കറിയാം. പ്രത്യേകിച്ചും പോലീസ് എന്താടാ എന്ന് ചോദിച്ചാൽ ആരാടാ എന്ന് തിരിച്ച് ചോദിക്കാൻ പോന്ന യുവജനങ്ങളുടെ വീട്ടുകാർ.
ആ കൺവെൻഷൻ സെന്ററിന്റെ നടത്തിപ്പുകാരനായ മുസ്ലീം നാമധാരിയുടെ ഇന്നത്തെ ആധി, വരുന്ന നഷ്ടവും അതിന് വേണ്ടിയെടുത്ത കോടികളുടെ വായ്പയും, ഒന്നുമാകില്ല. തന്റെ പേരായിരുന്നിരിക്കും.
തൊപ്പിവച്ചും താടി നീട്ടിയും പുറത്തിറങ്ങിയ മനുഷ്യരെയെല്ലാം ഒരു വിഭാഗം ആളുകളുടെ സംശയ നോട്ടങ്ങളിൽ പെട്ടുകാണണം. ഐഡന്റിറ്റി കാർഡില്ലാത്ത ഏതോ ചെറുപ്പക്കാരനെ പോലീസ് പിടിച്ചത് ചാനലായ ചാനലുകൾ മുഴുവൻ ആഹ്ലാദത്തോടെ ആഘോഷിച്ചു. മാർട്ടിൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ കു്റ്റസമ്മത മൊഴിയെ കുറിച്ചുള്ള വാർത്തകൾ പോകുമ്പോഴും 'കളമശേരി സ്ഥോടനം: ഒരാൾ അറസ്റ്റിൽ' എന്ന ഹെഡ്ഡിങ്ങിനൊപ്പം ആ ചെറുപ്പക്കാരന്റെ ഫോട്ടോ ന്യൂസ് 18 കാണിച്ചതായി കണ്ടു.
സകല മുസ്ലിം നാമധാരികളും 'അതൊരു മുസ്ലീമായിക്കരുതേ' എന്ന് മനമുരുകി ആഗ്രഹിച്ച് കാണും. ഞാനുമത് ആഗ്രഹിച്ചിരുന്നുവെന്ന് പറയണമെന്ന് എനിക്കുമുണ്ട്. പക്ഷേ എനിക്കറിയാം ഞാനൊരു മുസ്ലീം പേരുകാരനല്ല എന്ന്. ഇങ്ങനെയൊരു ദിവസം ഞാനെന്ത് സെക്യുലർ ആണെന്ന് പറഞ്ഞാലും, ഞാൻ എത്രമാത്രം കൂടെയുണ്ട് എന്ന് പറഞ്ഞാലും, എനിക്കെതിരെ അവർ വിരൽ ചൂണ്ടുന്നത് മുസ്ലീം നാമധാരികളുടെ ഊഴം കഴിഞ്ഞായിരിക്കുമെന്ന് എനിക്കറിയാം. മുസ്ലീം നാമധാരിയാകരുതേ എന്ന വിചാരത്തിനിടയിലും, എന്റെ സുഹൃത്തുക്കളെ ബാധിക്കുന്നത് പോലയല്ല എന്നെ ഇങ്ങനെയൊരു സംഭവം ബാധിക്കുക എന്ന ക്രൂരമായ ഓർമ്മിപ്പിക്കൽ കൂടി ഇന്നത്തെ ദിവസം നടത്തി.
മുന്ന് തീപിടുത്തം, ചെറിയ സ്ഥോടന ശബ്ദം, ഇതാണ് അവിടെ ഉണ്ടായതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലായത്. രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളെന്ന് വിളിക്കപ്പെടുന്ന പലതും റിപ്പോർട് ചെയ്ത അനുഭവത്തിൽ നിന്ന് പറയട്ടേ, അത് വൻ സ്ഥോടനങ്ങൾ ആയിരുന്നില്ല. കളമശേരിയിൽ വൻ സ്ഥോടനമെന്ന് റിപ്പോർട്ട് ചെയ്യരുത്. സ്ഥോടന പരമ്പര എന്ന് ഒരിക്കലും കൊടുക്കരുത്. തീവ്രവാദിക ആക്രമണങ്ങളുടെ ഉച്ഛസ്ഥായിയിൽ ഡൽഹിയിൽ നിന്ന് 'അതൊരു ക്രൂഡ് ബോംബ് മാത്രമാണ്, ഭീകരാക്രമണ സ്വഭാവമുള്ളതല്ല' എന്ന് ഉറപ്പിച്ച് റിപ്പോർട്ട് ചെയ്തിരുന്ന ഉഗ്രൻ ജേണലിസ്റ്റുകളെ ഓർക്കുന്നു.
ആഘോഷിക്കാനുള്ളതല്ല, ദുരന്തങ്ങൾ എന്ന് റിപ്പോർട്ടർമാരെ പഠിപ്പിക്കാത്ത എഡിറ്റർമാർ ദുരന്തമാണ്.
പലരും ആഘോഷിച്ചു. കാലങ്ങളായി കേരളത്തിനെതിരെ, കേരളം കമ്യൂണിസ്റ്റ് ജിഹാദികളുടെ ഭൂമിയാണ്, ആനയെ തോട്ടപൊട്ടിച്ച് കൊല്ലുന്നവരാണ്, പിണറായി വിജയനും മുസ്ലീങ്ങളും ചേർന്ന് ഹിന്ദുക്കളെ മുഴുവൻ കൊല്ലുകയാണ് എന്ന മട്ടിൽ പ്രചരണം നടക്കുന്നുണ്ട്. ആ വാട്സ്അപ് യൂണിവേഴ്സിറ്റിക്ക് കേരളത്തിൽ നിന്ന് സഹായം ചെയ്യുന്ന ധാരാളം പേരുണ്ട്. യഹോവ, ജൂത, ഇസ്രയേൽ, ഹമാസ്, മുസ്ലീം,കേരള എന്നിങ്ങനെ കളം പൂരിപ്പിച്ച് പൂരിപ്പിച്ച് അതിലേയ്ക്ക് വിഷം സപ്ലെ ചെയ്യാൻ ഇന്നുമിറങ്ങി കുറേ പേർ. അതിലുണ്ട് പതിവ് പോലെ ഒരു മുന്നിടതെംപി.
പക്ഷേ മുകേഷ് മീം പോലെ, ഒത്തില്ല.
സമാധാനം എന്നേ ഉള്ളൂ. ഇതവസാനിച്ചിട്ടില്ല. കേരളത്തെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വടക്കേ ഇന്ത്യയിൽ മുഴുവനിപ്പോൾ ഈ മാർട്ടിൻ സി.പി.ഐ.എമ്മിന്റെ പ്രവർത്തകനാണ് എന്നുള്ള കഥ പോയിരിക്കും. ചിലപ്പോൾ മുസ്ലീം ബന്ധം വരെ കണ്ടെത്തും.
1949 ഡിസംബറിൽ ബാബ്രി പള്ളിക്കുള്ളിൽ ഒരു നവരാത്രി ആഘോഷത്തിനൊടുവിൽ രാംലല്ല എന്ന ശിശുരാമന്റെ പ്രതിമ കൊണ്ട് വച്ച് തുടങ്ങിയ പരിപാടി സംഘപരിവാർ 1992 ഡിസംബർ ആറിനാണ് ക്ലൈമാക്സിൽ എത്തിച്ചത്. അവിടെ അമ്പലം പണി ഇപ്പോഴും തുടരുകയാണ്. അവരുടെ കാം ജാരി ഹേ! എന്നുവച്ചാ പണി തുടർന്നുകൊണ്ടേയിരിക്കും.
അവർ ഇനിയും തുടരും. കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും അവരുടെ അനുബന്ധ സംഘവും വിഷം വമിപ്പിക്കും. വിദ്വേഷം കഴിയുന്നത്ര പ്രസിരിപ്പിക്കും. നമ്മളുടെ ജാഗ്രത ഇനിയും വേണം. ഇന്ന് സോഷ്യൽ മീഡിയ പുലർത്തിയ നീതി ബോധം മെയ്ൻസട്രീം മീഡിയ കൂടി പുലർത്തിയാൽ നമ്മൾക്ക് പിടിച്ച് നിൽക്കാം.
എങ്കിലും, മനുഷ്യർ- രാഷ്ട്രീയ ജനാധിപത്യ വിശ്വാസികൾ- അതി ഗംഭീരമാണ്! എത്രയെത്ര പേരാണ് ഊഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ, നുണകളെ പ്രതിരോധിക്കാൻ, ചാനലുകളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്! എന്തൊരു മനോഹരമായ അനുഭവമാണത്. ദിവസമവസാനിക്കുമ്പോൾ അതുകൂടി ആലോചിക്കണം. അല്ലേൽ രാത്രിയൊരിക്കലും പുലരില്ല.