കോട്ടയം - ഇസ്രായില്‍ യുദ്ധത്തിനിടെ കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ഹമാസ് അനുകൂല നിലപാടിനെ വിമര്‍ശിച്ച ചങ്ങനാശേരി അതിരൂപതയിലെ ബിഷപ്പ് തോമസ് തറയിലിനു പിന്തുണയുമായി പി.സി ജോര്‍ജ്. ഇസ്രായിലിനെ മാത്രം കുറ്റപ്പെടുത്താന്‍ ഇവിടത്തെ മതേതരപാര്‍ട്ടികള്‍ പോലും മത്സരിക്കുകയാണെന്നും വര്‍ഗീയ ധ്രൂവീകരണത്തിലൂടെ വോട്ടാണ് ലക്ഷ്യമിടുത്തതെന്നുമുളള വിമര്‍ശനമാണ് ബിഷപ്പ് നടത്തിയത്.
ബിഷപ്പിന്റെ അഭിപ്രായം സമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്തിതില്ലെന്നതിനാലാണ് താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന ആമുഖത്തോടെയാണ് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇസ്രായില്‍ ഫലസ്തീന്‍ യുദ്ധത്തില്‍ പരസ്യ പ്രതികരണം വേണ്ട എന്ന തീരുമാനത്തിലായിരുന്നു താന്‍ ഈ അടുത്ത ദിവസം വരെയും. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ബിഷപ്പ് തോമസ് തറയിലിന്റെ ഒരു പ്രതികരണം ഈ അടുത്ത് കാണുവാനിടയായി. അതിനു കിട്ടേണ്ട സ്വീകാര്യത പൊതുസമൂഹത്തില്‍ കിട്ടിയില്ല- പിസി ജോര്‍ജ് പറയുന്നു.
യുദ്ധത്തെസംബന്ധിച്ചു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നതായി ബിഷപ്പ് പറയുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു ഹമാസ് എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താന്‍ ഇവിടത്തെ മതേതരപാര്‍ട്ടികള്‍ പോലും മത്സരിക്കുന്നത് ഭയപ്പെടുത്തുന്നു.
വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കു. ഇസ്രായിലും ഫലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരില്‍ കേരളം പോലെ ഒരു ചെറു സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ലെന്ന ആരോപണത്തോടെയാണ് ബിഷപ്പ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞു പോയ ഒരു മാസം കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ,മത സംഘടനകള്‍ മത്സര ബുദ്ധിയോടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടത്തിത് ചൂണ്ടികാട്ടിയാണ് പി.സി ജോര്‍ജ് ബിഷപ്പിന്റെ വാദത്തോട് പരസ്യ പിന്തുണ രേഖപ്പെടുത്തുന്നത്. കൊല്ലപെടുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു. യുഡിഎഫിന്റെയും ,എല്‍ ഡി എഫിന്റെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹം ഓര്‍ത്തു അഭിമാനപൂരിതനായി .
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി റഷ്യ ഉക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ കൊല്ലപ്പെട്ട പതിനായിരത്തിനു മുകളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ദുരിതം വിവരിച്ചു ചിത്രങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളോ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളോ ഒരിടത്തും കണ്ടതായി ഓര്‍ക്കുന്നില്ല.അര്‍മേനിയ എന്ന ക്രൈസ്തവ രാജ്യത്തില്‍ അസര്‍ബെയ്ജാന്‍ നടത്തുന്ന അധിനിവേശവും ആക്രമണങ്ങളും കേരളത്തില്‍ ആരും അറിഞ്ഞതായി കണ്ടില്ല . അവിടെയും ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു.കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന വംശഹത്യ ഇവിടെ ആര്‍ക്കും പ്രശ്‌നമില്ല.ഖുര്‍ദുകളെ തുര്‍ക്കി അടിച്ചമര്‍ത്തി വംശഹത്യ ചെയ്യുന്നതിലും കേരളത്തില്‍ പ്രതിഷേധങ്ങള്‍ ഇല്ല-പി.സി. ജോര്‍ജ് ആരോപിച്ചു.