വര്‍ഗീയ പ്രചാരണത്തിന് ചാനലുകളും.... കളമശ്ശേരിയില്‍ കളിച്ച വാര്‍ത്താറിപ്പോര്‍ട്ടര്‍മാര്‍

കൊച്ചി- കേരളം ഞെട്ടിയ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ നടന്ന തീവ്രവര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ വാര്‍ത്താ ചാനലുകളും രംഗത്ത് വന്നത് നടുക്കമായി. കളമശ്ശേരിയിലെ യഹോവ സാക്ഷി സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ വര്‍ഗീയ പ്രചാരണം തടയാന്‍ സര്‍ക്കാരും നേതാക്കളും പോലീസ് ഉടനടി രംഗത്തുവന്നതും കുറ്റവാളി വേഗം കീഴടങ്ങിയതും വര്‍ഗീയ പ്രചാരണത്തിന് അല്‍പായുസ്സ് നല്‍കി.

ഏറ്റവും ഞെട്ടിക്കുന്ന പ്രചാരണം ന്യൂസ് 18 ചാനലിന്റേതായിരുന്നു. ജൂതന്മാരാണെന്ന് തെറ്റിധരിച്ച് നടത്തിയ ആക്രമണമാണെന്നാണ് അവര്‍ കാച്ചിയത്. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെമ്പാടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ഇസ്രായിലിനെതിരായ രോഷവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ഇങ്ങനെ അടിച്ചുവിട്ടത്. ജൂതന്മാരെന്ന് തെറ്റിധരിച്ച് ആക്രമണം നടത്തുന്നത് മുസ്‌ലിംകളായിരിക്കുമല്ലോ... ഈ വീഡിയോ ക്ലിപ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കാസ പോലെയുള്ള തീവ്രവാദ കൃസ്ത്യന്‍ ഗ്രൂപ്പുകളാണ് ഇത് പ്രധാനമായും പ്രചരിപ്പിച്ചത്.

സംഭവം നടന്നയുടന്‍ കേരളം മുഴുവന്‍ ജാഗ്രതയിലായി. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പോലീസ് രംഗത്തിറങ്ങി. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട ഒരു അന്യ സംസ്ഥാന മുസ്‌ലിമിനെ പോലീസ് ചോദ്യം ചെയ്തു. ഇതിന്റെ വിഷ്വല്‍ അടക്കം ആദ്യം പ്രചരിപ്പിച്ചത് മനോരമ ന്യൂസ് ആയിരുന്നു. ന്യൂസ് 18 ഇത് ഏറ്റുപിടിച്ചു.

താടിയും തൊപ്പിയുമുള്ള ഇയാളുടെ വിഷ്വലുകള്‍ ഏറെ നേരം ഈ ചാനലുകള്‍ ലൈവില്‍ നിര്‍ത്തി. ആരാണ് സ്‌ഫോടനം നടത്തിയത് എന്ന സൂചനയോടെയുള്ള റിപ്പോര്‍ട്ടുകളും നല്‍കി. എന്നാല്‍ ഇയാള്‍ ഒന്നുമറിയാത്ത ആളാണെന്ന് മനസ്സിലായതോടെ പോലീസ് വിട്ടയച്ചു. അക്കാര്യം റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞതുമില്ല. മറ്റ് ചാനലുകളാണ് അക്കാര്യം പറഞ്ഞത്.

ഒടുവില്‍ പ്രതി തന്നെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കുറ്റം ഏറ്റുപറയുകയും പോലീസില്‍ കീഴടങ്ങുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്. അതിനിടെ, യഹോവസാക്ഷികളോടുള്ള വിരോധം കാരണം ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ടയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ തീവ്രവാദമില്ലെന്നായി ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍. എന്നാല്‍ അവതാരകനായ അംജോദ് വര്‍ഗീസ് സ്വന്തം റിപ്പോര്‍ട്ടറെ തിരുത്തി. തീവ്രവാദം തന്നെയാണെന്നും എന്തുതരം തീവ്രമനോഭാവമാണെന്നതാണ് വ്യക്തമായിരിക്കുന്നതെന്നുമായിരുന്നു അംജോദിന്റെ തിരുത്ത്.

 

 

Latest News