Sorry, you need to enable JavaScript to visit this website.

ജയിലനുഭവങ്ങൾ പുസ്തകമാക്കും-ഡോ.കഫീൽ ഖാൻ

കോഴിക്കോട്- വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവർ തകർക്കുന്നത്.   പിശാചുക്കളുടെ ആശയങ്ങൾ ഇന്ത്യയിൽ തകർന്നടിയും. മനുഷ്യത്വം തിരിച്ചു വരും. മുത്തലാഖ് വിവാദം ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ടയാണെന്നും  അദ്ദേഹം പറഞ്ഞു. ഫാറൂഖ്  കോളജിൽ വിദ്യാർഥികളുമായുള്ള അഭിമുഖത്തിലും മീറ്റ് ദ പ്രസ്സ് പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 യുപിയിലെ ഗോരഖ്പൂർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ അറുപത്തിമൂന്ന് കുട്ടികൾ 2017 ഓഗസ്റ്റിൽ മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറായിരുന്നു കഫീൽ ഖാൻ. പിന്നീട് മുഴുവൻ കുറ്റങ്ങളും ആരോപിക്കപ്പെട്ട് ഖാനെ ഒമ്പതു മാസത്തോളം ജയിലിലടക്കുകയായിരുന്നു. കുട്ടികൾ മരിച്ചതിൽ ഇദ്ദേഹമല്ല കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജാമ്യം നൽകുകയായിരുന്നു. എന്നാൽ ഇപ്പോഴും താൻ സസ്‌പെൻഷനിലാണെന്ന് ഖാൻ പറഞ്ഞു.  
 നരേന്ദ്ര മോഡിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ  പ്രചാരണം നടത്തുമെന്ന് ഡോ: ഖാൻ പറഞ്ഞു. ഡ്യുട്ടിയിലുണ്ടായിരുന്ന ദിവസം ഓരോ അരമണിക്കൂറിലും അമ്മമാരുടെ മാറത്തടികൾക്കിടയിലും പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ.  മുഴുവൻ അധികാരികളോടും കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഓക്‌സിജൻ സിലിണ്ടർ തരാതെ അഴിമതിക്കു കൂട്ടുനിന്നവർ തന്നെ പ്രതിയാക്കി ജയിലിലടക്കുകയായിരുന്നു. തന്റെ സഹോദരനെ മൂന്ന് തവണ യോഗിയുടെ അനുയായികൾ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചു. പിതാവ് മരിച്ചിട്ടു പോലും കരച്ചിലടക്കി പിടിച്ച ഉമ്മ തന്നെ ജയിലിലടച്ചപ്പോൾ വാവിട്ടു കരഞ്ഞു. ജയിലിലെ അനുഭവങ്ങൾ പുസ്തകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഖ്‌ലാഖും ജുനൈദും രോഹിത്‌വെമുലയും ഭരണകൂടത്തിന്റെ ഇരകളാണ്. മോഡിയുടെ ആശയങ്ങൾക്കെതിരെ നിലനിൽക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആരെയും പേടിച്ച് എവിടെയും പോയി ജീവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസംകൂടി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഖാൻ സന്ദർശനം നടത്തും.
 

Latest News