കൊച്ചി - മാധ്യമപ്രവർത്തകയെ അനുവാദമില്ലാതെ സ്പർശിച്ച നടൻ സുരേഷ് ഗോപിയുടെ നടപടി നല്ല പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സാജിത നൗഷാദ് അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകയുടെ ആത്മാഭിമാനത്തെ ലംഘിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവർത്തി. അമ്മയാണ്, സഹോദരിയാണ് എന്നു പറഞ്ഞ് സ്ത്രീകളെ അനുവാദമില്ലാതെ സ്പർശിക്കുന്നത് നല്ല രീതിയല്ല. സുരേഷ് ഗോപി ആത്മാർത്ഥമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കോഴിക്കോട് മീഡിയാ വൺ ചാനലിലെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഇന്നലെ നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിൽ പോലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.