കേരളത്തിലെ മിക്ക അമ്മമാർക്കും മക്കളുടെ ശീലങ്ങളെ പറ്റി പരാതിയാണ്. ഏത് നേരം നോക്കിയാലും മൊബൈലിൽ കുത്തി കളിക്കുന്ന ഇവനൊക്കെ എങ്ങിനെ രക്ഷപ്പെടുമെന്നാണ് ചോദ്യം. ഇതേ ചോദ്യം മിക്ക വീടുകളിൽ നിന്നും ഉയരുന്നു. രണ്ടു ദിവസം മുമ്പ് ഒരു വീട്ടമ്മ മൊബൈൽ അഡിക്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചെക്കനെ കാര്യമായി ശാസിച്ചു. എപ്പോഴും കളിച്ചുകൊണ്ടിരിക്കാതെ പോയി വല്ല ടിവി ന്യൂസും കണ്ടു പൊതു വിജ്ഞാനം വർധിപ്പിക്കാൻ നോക്കരുതോ. ഏതായാലും മമ്മി പറഞ്ഞത് അനുസരിക്കാമെന്ന് കരുതി പയ്യൻ മലയാളം വാർത്താ ചാനലിലെ സംവാദം കാണാനിരുന്നു. അപ്പോഴതാ ചാനലിൽ ഉഗ്രൻ തർക്കം. ഇന്ത്യ ഭാരത് ആകണമോ വേണ്ടയോ എന്നതാണ് വിഷയം. ഇടതുപക്ഷ യുവ നേതാവുണ്ട് പാനലിൽ. ഫോണിൽ അഭിപ്രായം പറയാൻ കേന്ദ്ര സർക്കാരിന് പാഠപുസ്തകങ്ങൾ തയാറാക്കുന്ന പത്മശ്രീ മഹാനുഭാവനുമുണ്ട്. മൂപ്പരുടെ അതിരുകളില്ലാത്ത ജനാധിപത്യ ബോധം അണപൊട്ടി ഒഴുകുന്നതാണ് കണ്ടത്. തെണ്ടി മുതൽക്കിങ്ങോട്ട് പലതും ഒഴുകിയെത്തി. കൂട്ടിന് ഷൂ നക്കിയും ചെരുപ്പു നക്കിയും മറ്റും. ശാസ്ത്ര ഉപദേഷ്ടാവിന്റെ ലവലിലേക്ക് പണ്ഡിതൻ ഉയർന്നപ്പോൾ വൊക്കാബുലറി മെച്ചപ്പെട്ടതിലെ ആഹ്ലാദത്തിലായി ടിവി വാർത്ത കാണാൻ നിർബന്ധിതനായ പയ്യൻ.
*** *** ***
ടിവി ഡിബേറ്റുകൾ കുഴപ്പമുണ്ടാക്കുന്നത് കേരളത്തിൽ മാത്രമല്ല. തെലങ്കാനയിലെ സംവാദം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത് കണ്ടില്ലേ. അവിടെ ടെലിവിഷൻ ചർച്ചയ്ക്കിടെ ബി ജെ പി നേതാവിനെ കഴുത്തിന് എം എൽ എ കുത്തിപ്പിടിച്ച് തല്ലുകയായിരുന്നു. തെലങ്കാനയിലെ കുത്ബുള്ളാപൂരിൽ നിന്നുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ വിവേകാനന്ദ ഗൗഡയാണ് ബി ജെ പി സ്ഥാനാർത്ഥി കൂടിയായ കുന ശ്രീശൈലം ഗൗഡയെ ആക്രമിച്ചത്. ഇരുപാർട്ടികളുടെയും അനുഭാവികളും പോലീസും ഉൾപ്പെടയുള്ള വൻ ജനക്കൂട്ടത്തിന് മുന്നിൽ വച്ചായിരുന്നു എം എൽ എയുടെ ആക്രമണം. ഇതിന്റെ വീഡിയോ വൈറലാണ്. ചാനൽ ചർച്ചയ്ക്കിടെ കുന ശ്രീശൈലം മുന്നോട്ടുവച്ച ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയതോടെയാണ് എം എൽ എ അക്രമാസക്തനായതെന്നാണ് റിപ്പോർട്ട്. മുന്നോട്ടുപാഞ്ഞ എം എൽ എ തൊട്ടടുത്ത് നിന്ന് സംസാരിക്കുകയായിരുന്ന കുന ശ്രീശൈലത്തിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. എം എൽ എ തല്ലിയെന്നും ആരോപണം ഉയരുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടു എന്ന് വ്യക്തമായതോടെ പോലീസ് വേദിയിലേക്ക് ചാടിക്കയറി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും അനുയായികളിൽ ചിലർ വേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു. അവർ ബാരിക്കേഡ് തകർക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. പോലീസ് സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
പ്രതികരണവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ബി ആർ എസ് അധികാരത്തിലെത്തിയാൽ ജനങ്ങളും ഇത്തരത്തിൽ ആക്രമിക്കപ്പെടുമെന്നതിന്റെ മുന്നറിയിപ്പാണ് സംഭവം എന്നാണ് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി പറഞ്ഞത്. ബി ജെ പി സ്ഥാനാർത്ഥി ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോഴാണ് ആക്രമിച്ചതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം എം എൽ എയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ബി ജെ പി സ്ഥാനാർത്ഥി, എം എൽ എയുടെ പിതാവിനെതിരെ പരാമർശം നടത്തിയെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് ബിആർഎസ് വക്താവ് ശ്രാവൺ ദാസോജു പറയുന്നത്. സംവാദത്തിൽ പങ്കെടുക്കുന്നവർ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യൂവർഷിപ്പ് കൂട്ടാൻ ഇത്തരം കലാപരിപാടികൾ ചാനലുകാരെ സഹായിക്കുമായിരിക്കും.
*** *** ***
ആരുടേതായാലും ക്ഷമയ്ക്ക് ഒരതിരില്ലേ? ചൈനീസ് ഭരണകൂടവും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. രണ്ട് മാസത്തോളമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാംഗ്ഫുവിനെയെ നീക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനീസ് ഭരണകൂടം നീക്കുന്ന രണ്ടാമത് ഉന്നതനാണ് ലി. ജൂലായിൽ വിദേശകാര്യ മന്ത്രിയായിരുന്ന ക്വിൻ ഗാംഗിനെ ചൈന പുറത്താക്കിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കി. ഇക്കഴിഞ്ഞ മാർച്ചിലാണ് ലി ഷാംഗ്ഫു പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഓഗസ്റ്റ് 29ന് ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ച ശേഷം അദ്ദേഹത്തെ പുറംലോകം കണ്ടിട്ടില്ല. നാഷണൽ പീപ്പിൾസ് കോൺഗ്രസും രാജ്യത്തെ ഉന്നത സഭാംഗങ്ങളും ഇരു മന്ത്രിമാർക്കും എതിരായ നടപടിയെ പിന്തുണച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാൽ എന്തുകാരണത്താലാണ് പ്രതിരോധ മന്ത്രിയെ നീക്കിയതെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുതിയതായി ആർക്കും ചുമതല നൽകിയിട്ടില്ല. അഴിമതി ആരോപണങ്ങളെ തുടർന്ന് ലി അന്വേഷണം നേരിടുകയായിരുന്നുവെന്നാണ് ശ്രുതി. ജൂലൈ മാസത്തിൽ പുറത്താക്കിയ ക്വിൻ ഗാംഗിനെ നീക്കാനുള്ള കാരണവും ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
*** *** ***
80കളിലും 90 കളിലും കേന്ദ്രം കോൺഗ്രസ് ഭരിച്ചിരുന്ന വേളയിൽ ഭാരതോത്സവമെന്ന പേരിൽ ദേശീയ കലാമേള കേരളത്തിലെ വിവിധ നഗരങ്ങളിൽ നടത്താറുണ്ടായിരുന്നു. ജനങ്ങൾ തമ്മിൽ ഐക്യം ഊട്ടിയുറപ്പിക്കാനാണ് കോടികൾ മുടക്കി ഇതൊക്കെ നടത്തിയിരുന്നത്. കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇതെല്ലാം പണം പാഴാക്കാനുള്ള പരിപാടിയല്ലേയെന്ന് സംശയിച്ചവരുണ്ടായിരുന്നു. ഏകതാ ദിനവും കേന്ദ്ര പ്രചാരണ ഏജൻസികൾ നടത്താറുണ്ട്. ഭാരതോത്സവത്തിൽ ഉത്തരേന്ത്യയിൽ നിന്നെത്താറുള്ള നൃത്ത രൂപമാണ് ഗർബ. ഗുജറാത്തിലെ പരമ്പരാഗത നൃത്തം. കണ്ണൂരിലെ ഭാരതോത്സവത്തിൽ ഇതു കണ്ടിട്ടുണ്ട്. മനോഹരമായ കോസ്റ്റിയൂംസാണ്. ഇത് ഇത്രയ്ക്ക് അപകടം പിടിച്ചതാണെന്ന് ഈ വർഷം നവരാത്രി സീസണിലാണ് മനസ്സിലാക്കിയത്. ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോൾ 10 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവർക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 108 എമർജൻസി ആംബുലൻസ് സർവീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്തിയത് 609 കോളുകളും. വൈകുന്നേരം ആറ് മണിക്കും പുലർച്ചെ രണ്ട് മണിക്കും ഇടയിലാണ് ഈ കോളുകൾ എത്തിയത്. ഗർബ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഡോക്ടർമാരുടേയും ആംബുലൻസിന്റേയും സേവനം ഉറപ്പാക്കാനും നിർദേശം നൽകിയിരുന്നു. ഇതെന്ത് മറിമായം? ഗർബയിലും വയലൻസ് കയറിക്കൂടിയോ? ഗുജറാത്തിലെ പോർബന്തറിൽ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി ഗർബ നൃത്ത മത്സരത്തിൽ പങ്കെടുത്തിരുന്നു. രണ്ടെണ്ണത്തിൽ വിജയിയായ കുട്ടിക്ക് ഒന്നിനേ സമ്മാനം ലഭിച്ചുള്ളു. കൊച്ചു ബാലിക വീട്ടിൽ ചെന്ന് പരാതി പറഞ്ഞു. ചോദിക്കാൻ ചെന്ന അഛനെ സംഘാടകർ വക വരുത്തിയത് നവരാത്രി ആഘോഷത്തിന്റെ നിറം കെടുത്തി.
*** *** ***
സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് സാനിയ അയ്യപ്പൻ. എന്നും വ്യത്യസ്തമായ ലുക്കിൽ എത്തി ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. അടുത്തിടെയാണ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചത്. ലണ്ടനിൽ ഉപരിപഠനത്തിന് പോകുന്നതിനായിട്ടാണ് ബ്രേക്കെടുത്തത്. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി. യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വർഷമാണ് കോഴ്സ്. ബിഎ (ഓണേഴ്സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയമാണ് സാനിയ അയ്യപ്പൻ തെരഞ്ഞെടുത്തത്. വരാനിരിക്കുന്ന പല ചിത്രത്തിലും താരത്തിനു അവസരം ലഭിച്ചിരുന്നു. ഇത് ഒഴിവാക്കാൻ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നത്.
താരം കുറിച്ചത് ഇങ്ങനെ: ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യയന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാൽ ഗിയർ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചുവരുന്നു.
*** *** ***
നടൻ വിനായകനെതിരായ പോലീസ് നടപടിയിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവർത്തനമായി മാത്രം കണ്ടാൽ മതിയെന്നാണ് മന്ത്രിയുടെ പ്രതികരണം. വിനായകൻ ഒരു കലാകാരൻ അല്ലേ, ഇത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതി. കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാൻ. നടൻ വിനായകൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
വിനായകന് പോലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യമായി പെരുമാറണമെന്നും ഇ പി പറഞ്ഞു. അതിനിടെ നടൻ വിനായകനെ ഉമ തോമസ് ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടി എറണാകുളം നോർത്ത് സ്റ്റേഷനിൽ പരാതിയും ലഭിച്ചു. പഞ്ചായത്ത് മെമ്പറും പൊതുപ്രവർത്തകനുമായ കെറ്റി ഗ്ലിറ്ററാണ് പരാതി നൽകിയത്.വിനായകൻ വിഷയത്തിൽ തെറ്റോ ശരിയോ എന്നുള്ളത് പോലീസുകാരുടെ അധിപനായ പിണറായി വിജയൻ തീരുമാനിക്കട്ടെ എന്ന് ഉമാ തോമസ് ട്വന്റിഫോർ ചാനലിനോട് പറഞ്ഞത്. പലർക്കും പല രീതിയിലുള്ള നീതിയാണ് ഇവിടെ ലഭിക്കുന്നത് എന്നും ഉമാ തോമസ് കുറ്റപ്പെടുത്തി. തനിക്കെതിരെ മുൻപും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ട് പരാതി നൽകിയപ്പോൾ ഒരു നടപടി പോലും ഉണ്ടായില്ല എന്നും എംഎൽഎ പറഞ്ഞു.
*** *** ***
സൗന്ദര്യം കൂടിപ്പോയെന്ന കാരണം പറഞ്ഞ് പലപ്പോഴും പല സംവിധായകരും തനിക്ക് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് 'പാവങ്ങളുടെ ഐശ്വര്യാറായി' എന്നറിയപ്പെട്ടിരുന്ന ബോളിവുഡ് താരം ദിയ മിർസ. ഒരു മോഡൽ ആവുകയും ആരുടെയും സഹായമില്ലാതെ സിനിമയിൽ എത്തുകയും ചെയ്ത അഭിനേത്രിയാണ് ദിയ. തുടക്കകാലത്തു തന്നെ ആരും പിന്തുണച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യേണ്ടി വന്നതെന്നും ദിയ പറയുന്നു. 18 വയസ്സുളളപ്പോഴാണ് സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. അന്ന് ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ല. സിനിമയിൽ ഒരു ബാക്ഗ്രൗണ്ടും എനിക്കറിയില്ല. കുടുംബം കൂടെ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും, വീട് വൃത്തിയാക്കുന്നതും, കഴുകലും തുടയ്ക്കലുമൊക്കെ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ടാക്സ് അടയ്ക്കുന്നതും, ഗ്യാസ് എടുക്കുന്നതും, ഫോൺ വാങ്ങിയതുമെല്ലാം തനിച്ചായിരുന്നു. ആ കാലത്ത് ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നത് ബുദ്ധിമുട്ടുളള കാര്യമായിരുന്നു ദിയ ഓർത്തെടുത്തു. .
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു പുതിയ കുട്ടികൾ പലരും ഞങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല, ഓഡിഷനു വിളിച്ചില്ല എന്നൊക്കെ പരാതി പറയാറുണ്ട്. ഞാൻ അവരോടു പറയുന്നത് സ്വന്തം കഴിവിൽ ഒഴികെ മറ്റൊന്നിലും നിങ്ങൾ ശ്രദ്ധിക്കരുതെന്നാണ്.
നാൽപ്പതുകളിൽ എത്തിയപ്പോഴാണ് തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നത്. പണ്ട് അവസരം തരാതിരുന്ന പല സംവിധായകരും ഇപ്പോൾ തനിക്കു വേണ്ടി കഥാപാത്രങ്ങളുമായി വരാറുണ്ടെന്ന് ദിയ പറഞ്ഞു.തപ്സി പന്നുവിന്റെ പുതിയ ചിത്രമായ ധക് ധകിലെ അഭിനേതാക്കളെ ഉൾപ്പെടുത്തി ദേശീയ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് ദിയ മിർസ ഇക്കാര്യങ്ങൾ പറഞ്ഞത്.
*** *** ***
സിനിമ റിവ്യൂ ബോംബിങിനെതിരേ കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈദ് ഇബ്രഹാമിന്റെ പരാതിയിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. യൂട്യൂബ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒൻപത് പേർക്കെതിരേയാണ് കേസ്. റിവ്യൂ ബോംബിങിനെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
റാഹേൽ മകൻ കോര എന്ന ചിത്രം ഒക്ടോബർ പതിമൂന്നിനായിരുന്നു റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഏഴാം തീയതിയോട് കൂടി തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂകൾ വന്നിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് സിനിമ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ചിത്രവുമായി ബന്ധപ്പെട്ട് നെഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കെതിരേയാണ് സംവിധായകൻ പരാതി നൽകിയത്. കേസിലെ എട്ടും ഒൻപതും പ്രതികളായ യൂട്യൂബും ഫെയിസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവൃത്തികൾ പ്രചരിപ്പിക്കുന്നതിന് അനുവാദം നൽകിയെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
സിനിമ റിലീസായി ഒരു മണിക്കൂറാകുമ്പോൾ തന്നെ നെഗറ്റീവ് റിവ്യൂ കൊടുക്കുകയും അതിൽ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് മലയാള സിനിമ വ്യവസായത്തെ തകർക്കുന്നതാണെന്നും സംവിധായകൻ ഉബൈദ് ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എല്ലാത്തിനെതിരേയും നെഗറ്റീവായി പറഞ്ഞാൽ അതിനെതിരേ പ്രതികരിക്കാനാളില്ലെന്ന് കണ്ടാൽ ഇതൊരു തെരുവ് യുദ്ധമായി മാറുമെന്നും സിനിമ റിവ്യൂ ബോംബിങിന് കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.
റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകർക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
*** *** ***
മേക്കപ്പില്ലാത്ത മമ്മൂട്ടിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. നരയും, കഷണ്ടിയും, കഴുത്തിലും മുഖത്തുമെല്ലാം ചുളിവുകളുള്ള ഒരു ചിത്രമാണ് മമ്മൂട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. സംഭവം ചർച്ചയായതോടെ ചിത്രം ഫോട്ടോഷോപ്പാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷണൽ പ്രസിഡന്റും ഓസ്ട്രേലിയയിൽ പ്രവാസിയുമായ റോബർട്ട് കുര്യാക്കോസ്. മമ്മൂട്ടിയുടെ ചിത്രം ചുളിവുകൾ വരുത്തിക്കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യുന്ന വീഡിയോയാണ് റോബർട്ട് പങ്കുവച്ചത്. 'ഒരുപാട് പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്'- എന്ന അടിക്കുറിപ്പോടെയാണ് റോബർട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതൊക്കെ എന്ത്? മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിനെ അക്കാലത്ത് അവഹേളിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ?
*** *** ***
മലയാളം ടിവി ചാനലുകളുടെ ഏറ്റവും പുതിയ ബാർക് റേറ്റിംഗ് പുറത്തു വന്നു. റിപ്പോർട്ടർ ചാനൽ കാണിക്കുന്ന അഭ്യാസങ്ങൾക്ക് ഫലമുണ്ടാകുന്നുവെന്ന് തന്നെയാണ് സൂചന. ആദ്യ സ്ഥാനം ഏഷ്യാനെറ്റ് നിലനിർത്തിയപ്പോൾ 24 ന്യൂസ്, മനോരമ, മാതൃഭൂമി എന്നീ ചാനലുകൾക്ക് പിന്നിലായി റിപ്പോർട്ടറുണ്ട്. ജനം, കൈരളി, ന്യൂസ് 18 എന്നിവ 6, 7, 8 സ്ഥാനങ്ങളിൽ. അധികമാരും കാണാത്ത രാജ് ന്യൂസ് മലയാളം പത്താം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്ത് മീഡിയാ വണ്ണും. മലബാറിനോടുള്ള അവഗണന കാരണമാണോ കോഴിക്കോട് ആസ്ഥാനമായുള്ള മീഡിയ വൺ ഇത്രയേറെ പിന്നിലാകുന്നത്?