ടെല്‍ അവീവ്- ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം തുടരുമെന്നും ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം 8,000 കടന്നതായി ഗാസ ആരോഗ്യ മന്ത്രി വ്യക്തമാക്കി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ 110 പേര്‍ മരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 48 മണിക്കൂറായി ഗാസയില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച ഗാസയിലേക്ക് അന്താരാഷ്ട്ര സഹായങ്ങള്‍ ഒന്നും എത്തിയിട്ടില്ല. ഗാസയില്‍ ഇസ്രയേല്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ ആവര്‍ത്തിച്ചു.
ഇസ്രയേലില്‍ തടവിലാക്കിയിരിക്കുന്ന പലസ്തീന്‍ തടവുകാരെ വിട്ടയച്ചാല്‍ ഇസ്രയേലില്‍ നിന്നും ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രേയില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 310 സൈനികരടക്കം 1400 പേരാണ് മരിച്ചത്. വിദേശികളടക്കം 229 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.