ടെൽഅവീവ്- ഗാസയിൽ ഹമാസിന് എതിരായ യുദ്ധം ഏറെ പ്രയാസമേറിയതും ദീർഘനാൾ നീണ്ടുനിൽക്കുന്നതുമായിരിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹു. ഒക്ടോബർ 7 ന് തെക്കൻ ഇസ്രായിലിൽ ഹമാസ് ആക്രമണം നടത്തിയതിന് ശേഷം ഗാസയിൽ ബന്ദികളാക്കിയവരുടെ കുടുംബങ്ങളെ കണ്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഗാസ മുനമ്പിലെ യുദ്ധം ദീർഘവും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാൽ അത് നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വൻതോതിലുള്ള വ്യോമ, പീരങ്കി ആക്രമണത്തിന്റെ മറവിലാണ് ഇസ്രായേൽ കരസേന ഗാസയിലേക്ക് പ്രവേശിച്ചത്. ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്. ഈ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്. ഹമാസിന്റെ സൈനിക, നേതൃത്വ കഴിവുകൾ നശിപ്പിക്കുക, ബന്ദികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.