ന്യൂയോര്‍ക്ക്- രണ്ടാഴ്ച മുമ്പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ യു.എസിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് 70 മൈല്‍ (110 കിലോമീറ്റര്‍) അകലെ ലൈഫ് റാഫ്റ്റില്‍ ജീവനോടെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ചയാണ് ഇയാളെ കണ്ടെത്തിയതെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് പസഫിക് നോര്‍ത്ത് വെസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. കടലില്‍നിന്ന് പിടിച്ച ചെറുമത്സ്യത്തെ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് ഇയാളെ കണ്ടെത്തിയ കനേഡിയന്‍ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഒക്‌ടോബര്‍ 12ന് വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ ഗ്രേ ഹാര്‍ബറില്‍നിന്ന് പുറപ്പെട്ട കപ്പലിലാണ് ഇദ്ദേഹമുണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തകരുടെ പേരോ എങ്ങനെ കണ്ടെത്തിയെന്നോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ സിയാറ്റിലിലെ കിംഗ്ടിവി അവരെ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവര്‍ ദ്വീപിലെ സൂക്ക് എന്ന പട്ടണത്തില്‍ നിന്നുള്ള റയാന്‍ പ്ലെയിന്‍സും അമ്മാവന്‍ ജോണും ആണെന്ന് തിരിച്ചറിഞ്ഞു.
'ഞാന്‍ ദൂരെ ലൈഫ് റാഫ്റ്റ് പോലെ എന്തോ കണ്ടു, അകത്തേക്ക് ഓടി, ബൈനോക്കുലറുകള്‍ എടുത്തുനോക്കി, കാര്യം മനസ്സിലായപ്പോള്‍ അടുത്തേക്ക് ചെന്നു. ഞങ്ങള്‍ അവനെ വലിച്ചു കയറ്റി. അവന്‍ എന്നെ കെട്ടിപ്പിടിച്ചു. വികാരാധീനമായ രംഗമായിരുന്നു അത്.
13 ദിവസമായി ചങ്ങാടത്തില്‍ തനിച്ചായിരുന്നെന്നും ഭക്ഷണം തീര്‍ന്നതിനെ തുടര്‍ന്നാണ് സാല്‍മണിനെ പിടികൂടിയതെന്നും ഇയാള്‍ പറഞ്ഞു.
കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡും മറ്റൊരു കനേഡിയന്‍ ഏജന്‍സിയും ചേര്‍ന്ന് ഇയാളെ തിരികെ കരയിലേക്ക് കയറ്റി അയച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.