കയ്‌റോ- ഈജിപ്തില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ കയ്‌റോയില്‍ നിന്ന് 131 കിലോമീറ്റര്‍ (82 മൈല്‍) വടക്ക് കയ്‌റോ-അലക്‌സാണ്ട്രിയ റോഡിലെ ബെഹൈറ ഗവര്‍ണറേറ്റില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. 63 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപകടത്തില്‍ ഒരു പാസഞ്ചര്‍ ബസും നിരവധി കാറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചിലത് കത്തിയെന്നും അല്‍അഹ്‌റം പത്രം പറഞ്ഞു. പലരും വെന്തുമരിക്കുകയായിരുന്നു. കുറഞ്ഞത് 20 ആംബുലന്‍സുകളെങ്കിലും അപകടസ്ഥലത്തേക്ക് അയച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കേറ്റവരെ വാദി അല്‍നട്രൂണിലെ ആശുപത്രിയിലേക്കും മറ്റുള്ളവരെ അല്‍നുബാരിയയിലേക്കും മാറ്റിയതായി ആരോഗ്യമന്ത്രി ഡോ.ഖാലിദ് അബ്ദുള്‍ ഗഫാര്‍ പറഞ്ഞു.