Sorry, you need to enable JavaScript to visit this website.

സഹകരണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന് പ്രതീക്ഷ- മന്ത്രി വാസവന്‍

കോട്ടയം - കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ബില്ലില്‍ വൈകാതെ ഗവര്‍ണര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.എന്‍ വാസവന്‍. നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഒപ്പിടാതെ സഹകരണ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. ഗവര്‍ണര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയതായി മന്ത്രി അറിയിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും ചേര്‍ന്ന് പാസാക്കിയ ബില്ലാണ് അത്. സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഇനി അനുമതി വൈകില്ലെന്നാണ് കരുതുന്നത് - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബില്ലിനെ സംബന്ധിച്ച് സഹകരണ വകുപ്പിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. ബില്ലിലെ ടേം വ്യവസ്ഥ, ടീം ഡിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് നിരവധി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണം തേടിയത്. 2022 ഡിസംബര്‍ 12 ന് സഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മറ്റിക്കു വിട്ടശേഷം
സെപ്റ്റംബറില്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നു. സഹകരണ നിയമഭേദഗതിയുടെ പുതിയ ബില്ല് പ്രകാരം സംഘങ്ങളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും സംഘം സംരക്ഷിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്നും ദേശീയതലത്തില്‍ ക്രെഡിറ്റ് സംഘങ്ങളുടെ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലാണെന്നും  മന്ത്രി അറിയിച്ചു. നല്ല രീതിയില്‍ ജീവനക്കാരും സഹകാരികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുന്നില്ല.

സഹകരണ മേഖലയുടെ വളര്‍ച്ചക്ക് നല്ല പങ്കു വഹിക്കുന്നവരാണ് ജീവനക്കാര്‍. നല്ല സഹകാരികള്‍കൂടി ചേരുമ്പോഴാണ് വളര്‍ച്ച പൂര്‍ണമാകുക. ദേശസാല്‍കൃത ബാങ്കുകളെ താരതമ്യം ചെയ്താല്‍ സഹകരണ മേഖലയില്‍ മാത്രമാണ് ചികിത്സാ സഹായവും മരണാനന്തരഫണ്ടും കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നതെന്നും സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ അത്താണിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News