കാസര്‍കോട് - കേരളത്തില്‍ കൊള്ള നടത്താനും അഴിമതി ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി സര്‍ക്കാരും രഹസ്യമായി സഹായിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ നേതൃതല കണ്‍വെന്‍ഷന്‍ പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്ത കേരളമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിനായി സി.പി.എം - ബി.ജെ.പി അന്തര്‍ധാരയുണ്ട്.
അഴിമതി കേസില്‍ സ്വപ്ന സുരേഷും ശിവശങ്കറും ജയിലില്‍ പോയിട്ടും മുഖ്യമന്ത്രി അകത്തുപോകാതിരിക്കാന്‍ സഹായിക്കുകയാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം. അഴിമതി കേസുകളില്‍ പലതിലും മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണം ഇല്ലാതിരിക്കുന്നത് ഈ രഹസ്യ ബാന്ധവത്തിന്റെ പേരിലാണ്. തനിക്കും കുടുംബത്തിനും ഏതുവിധേനയും പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളത്. അഴിമതി നടത്തുന്നതിനും കൈക്കൂലി വാങ്ങുന്നതിനും റിസര്‍ച്ച് നടത്തുകയാണ് സര്‍ക്കാരിലെ ഓരോ വകുപ്പുകളും. ഭരണത്തില്‍ എല്ലാ രംഗവും താറുമാറായി. സി.പി.എം നിയന്ത്രണത്തിലുള്ള പോലീസില്‍ ക്രിമിനല്‍ വാഴ്ചയാണ് നടക്കുന്നത്. കോളേജുകളില്‍ എസ്.എഫ്.ഐ ആണ് ഭരിക്കുന്നത്. പി.എസ്.സി ഭരണം സി.പി.എം ഭരണമായി ചുരുങ്ങി. സപ്ലൈകോ വിതരണം ചെയ്യുന്നത് പഴകിയ ഭക്ഷ്യ സാധനങ്ങളാണ്. മൃഗങ്ങള്‍ മനുഷ്യരെ കുത്തിക്കൊല്ലുന്നു.
ഇവിടെ ഒരു ഭരണം ഉണ്ടോ എന്ന് ചോദിക്കുകയാണ് എല്ലാ വിഭാഗം ജനങ്ങളും. അനുകൂലമായ ഈ കാലഘട്ടം വരുന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും മുതലെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാനും നിങ്ങളും കോണ്‍ഗ്രസുകാരായി ഇരുന്നിട്ട് പ്രയോജനമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.