ടെഹ്‌റാന്‍ - ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായെന്ന് ആരോപണമുയര്‍ന്ന 16കാരി മരണമടഞ്ഞു. ഹിജാബ് ധരിക്കാതെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് മര്‍ദിച്ചതിനെത്തുടര്‍ന്ന് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു അര്‍മിത ഗൊരാവന്ദ് (16) എന്ന പെണ്‍കുട്ടി ഒരു മാസം മുന്‍പാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മര്‍ദനത്തിനിരയായത്. രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ ലംഘിച്ചതിനാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. 28 ദിവസം ആശുപത്രിയില്‍ കോമയിലായിരുന്ന അര്‍മിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് കുര്‍ദിഷ് വംശജയായ അര്‍മിത രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യവേയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായതെന്നാണ് പൗരാവകാശ സംഘടനയായ ഹെന്‍ഗാവിന്റെ ആരോപണം. എന്നാല്‍ ഇത് പോലീസ് നിഷേധിക്കുന്നു. യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം. മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി. രക്തസമ്മര്‍ദം പെട്ടെന്ന് അപകടകരമാം വിധം താഴുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ അര്‍മിതയുടെ മരണം സ്ഥിരീകരിച്ചു.