കോഴിക്കോട്- നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് എതിരെയുള്ള മാധ്യമ പ്രവർത്തകയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പർട്ടി വനിതാ നേതാവ് ശോഭ സുരേന്ദ്രൻ. സംഭവത്തിൽ മാധ്യമപ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു-അവർ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവൽകരിക്കുകയാണ്. രണ്ട് ചോദ്യം ചോദിച്ചപ്പോഴും മാധ്യമ പ്രവർത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹം തന്നെയാണ്. അവർ തന്റേയും സുഹൃത്താണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും അദ്ദേഹത്തെയും ക്രൂരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. കേരളത്തിലെ പൊതുസമൂഹം സുരേഷ് ഗോപിക്കൊപ്പം നിൽക്കും. സുരേഷ് ഗോപി മാപ്പുപറയണം എന്നായിരുന്നല്ലോ ആവശ്യം. സുരേഷ് ഗോപി മാപ്പു പറഞ്ഞതിനു ശേഷവും ഇത്തരത്തിൽ ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്.
ഇതു സംബന്ധിച്ച് അടച്ചിട്ട മുറിക്കകത്ത് എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് തങ്ങൾക്കു പറഞ്ഞുതരുന്ന സഖാക്കളുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും കൂടെയുള്ളവരും മറക്കരുത്. സ്ത്രീപീഡനത്തിനെതിരായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ വനിതാ കമ്മിഷൻ അടക്കമുള്ളവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്- ശോഭ സുരേന്ദ്രൻ പറഞ്ഞു.
രണ്ടു ചോദ്യമാണ് മാധ്യമപ്രവർത്തക സുരേഷ് ഗോപിയോട് ചോദിച്ചത്. അപ്പോഴെല്ലാം അവരുടെ മുഖത്ത് സ്‌നേഹവും വാത്സല്യവുമാണ് ഉണ്ടായിരുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വനിതാ രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിന്റെ വിഷ്വൽ കണ്ടു. മാനസിക ബുദ്ധിമുട്ടുണ്ടായതിന്റെ പശ്ചാത്തലത്തിൽ പരാതി നൽകുന്നതായി റിപ്പോർട്ടു വന്നു. സുരേഷ് ഗോപി ക്ഷമ ചോദിച്ചു. അതിനു ശേഷം ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിച്ചു- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
'