ഇതര സംസ്ഥാന തൊഴിലാളികൾ ശത്രുക്കളല്ല, അതിഥികളാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് അവർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന അപ്‌നാ ഘർ എന്ന പേരിലുള്ള പാർപ്പിട സമുച്ചയങ്ങളുടെ ആദ്യഘട്ട ഉൽഘാടനം ഓഗസ്റ്റ് 12 ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നത്.
ജിഷയുടെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും നാട് മുക്തമാകുന്നതേയുള്ളൂ. അതിനിടയിൽ നടന്ന ഈ കൊലപാതകം കേരളീയ മനസ്സിൽ ഞെട്ടലിന്റെ ശക്തി കൂട്ടുകയാണ് ചെയ്തത്.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ .... എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് കേരളത്തിലെ സകല മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികൾ കയറിക്കൂടിയത്. മേലനങ്ങി പണിയെടുക്കാൻ മടി കാണിച്ച മലയാളിയുടെ ഒഴിവിലേക്ക് എന്ത് ജോലിയും ചെയ്യാൻ തയ്യാറായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഒഴുകിയപ്പോൾ അവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാൻ കേരളം യാതൊരു മടിയും കാണിച്ചില്ല. കൂടുതൽ ജോലി ചെയ്യിച്ച് കുറഞ്ഞ കൂലി കൂടി കൊടുത്ത് അവരെ കൊണ്ട് പണി ചെയ്ത് ശീലിച്ചപ്പോൾ പിന്നെ എന്തിനും ഏതിനും ഇതര സംസ്ഥാനത്തുള്ളവർ മതിയെന്ന ചിന്തയിൽ കേരളീയർ എത്തിച്ചേർന്നതോടെയാണ് ഇതര സംസ്ഥാനക്കാർക്ക് കേരളം പറുദീസയായി മാറിയത്.
മുമ്പ് തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നു കേരളത്തിലേക്ക് തൊഴിൽ അന്വേഷിച്ച് വന്നിരുന്നത്. അവരെ ഇതര സംസ്ഥാനക്കാർ എന്ന ഗണത്തിൽ പെടുത്താതെ അയൽവാസികൾ എന്ന പരിഗണനയാണ് നൽകിയിരുന്നത്. എന്നിട്ടും അവർക്ക് ലഭിച്ചിരുന്നത് തോട്ടിപ്പണിയും വിറക് കീറലും ചാല് കീറലുമൊക്കെയായിരുന്നു. ഏതെങ്കിലും പീടികത്തിണ്ണയിലും ബസ് സ്റ്റാന്റിലുമെല്ലാം ഉറങ്ങി നേരം വെളുപ്പിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ തമിഴർ കേരളത്തിലേക്ക് കുത്തിയൊഴുകിയപ്പോൾ തിരുട്ട് ഗ്രാമത്തിലെ അഴുക്കുകളും അതോടൊപ്പം കേരളത്തിലെത്തി. അതോടെ കളവും പിടിച്ചു പറിയും വർദ്ധിച്ചു. അപ്പോഴും കൊലപാതകങ്ങൾ അധികം റിപ്പോർട്ട് ചെയ്തിരുന്നില്ല. അതോടൊപ്പം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്ത പരന്നതോടെയാണ് തമിഴരിൽ നിന്നും കേരളീയർ അകലം പാലിക്കാൻ തുടങ്ങിയത്. ഏറെക്കുറെ തമിഴരെ ബഹിഷ്‌കരിച്ച ഇടങ്ങളിലേക്കാണിപ്പോൾ ബംഗാൾ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്തിയിട്ടുള്ളത്. ബാർബർ ഷോപ്പ്, കോഴിക്കട,
ഇറച്ചിക്കട, മീൻ കട തുടങ്ങി നിർമ്മാണ മേഖലയിലടക്കം ഒഴിച്ചുകൂടാൻ കഴിയാത്തവരായി അവർ മാറിയിരിക്കുന്നു. അവർക്ക് വാടകക്ക് കൊടുക്കാൻ വേണ്ടി മാത്രം കെട്ടിടങ്ങൾ ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അവരെ ലക്ഷ്യം വെച്ച് ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളും, എന്തിനധികം അവരുടെ ഭാഷയിലുള്ള സിനിമ വരെ പ്രദർശിപ്പിക്കുന്നുണ്ട് കേരളത്തിൽ.
എല്ലാ സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലിയാവശ്യാർത്ഥം കേരളത്തിലെത്തുന്നവരിൽ ക്രിമിനൽ സ്വഭാവമുള്ളവരാണ് കൂടുതൽ എന്നത് നമ്മെ ഭയപ്പെടുത്തേണ്ട സംഗതിയാണ്. അതിന്റെ അവസാനത്തെ ഇരയാണ് നിമിഷ.
ജിഷ കൊല്ലപ്പെട്ടപ്പോൾ പ്രതിയെ പിടികൂടാൻ താമസം നേരിട്ടെങ്കിലും നിമിഷയുടെ കാര്യത്തിൽ അതുണ്ടായില്ല എന്നാശ്വസിക്കാം.
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് സർക്കാർ വീണ്ടും തുടങ്ങിയിട്ടുണ്ട് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോൾ ഉണർന്ന് പ്രവർത്തിക്കുകയും പിന്നീട് വിസ്മൃതിയിലേക്ക് നീങ്ങുകയും ചെയ്യുക എന്നത് സർക്കാറിന്റെ മുഖമുദ്രയായി മാറുകയാണ്. അതോടൊപ്പം തന്നെ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ല എന്നതും അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിക്കാനുള്ള പ്രധാന കാരണം തന്നെയാണ്. ഗോവിന്ദ ചാമിക്കും അമീറുൾ ഇസ്ലാമിനുമെല്ലാം കോടതി വധശിക്ഷ വിധിച്ചെങ്കിലും അവരെല്ലാം ഇപ്പോഴും ജയിലിനകത്ത് ശുഭിക്ഷമായി കഴിയുക തന്നെയാണ്. ഇത്തരം ക്രൂരതകൾ ചെയ്യുന്നവരെ സഹായിക്കാനും നിയമ സഹായങ്ങൾ ചെയ്യാനും ആളുകൾ ഉണ്ടെന്നതാണ് ഏറെ ഖേദകരം.
മലയാളികൾ മടിയന്മാരായി ജീവിക്കുന്ന കാലത്തോളം വിവിധ മേഖലകളിലെ ജോലികൾക്ക് ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ കേരളത്തിലെത്തുന്ന അവരുടെ പൂർണ്ണവിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ് താനും. ആ ജോലി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുകയാവും കരണീയം. വാർഡ് തലത്തിൽ മെമ്പറുടെ കീഴിൽ ഒരു സന്നദ്ധ പ്രവർത്തക കമ്മിറ്റി രൂപീകരിച്ച് അതാത് വാർഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്ത് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കാൻ സാധിച്ചാൽ അതാവും ഏറ്റവും ഉത്തമം. അങ്ങിനെ ഓരോ വാർഡിൽ നിന്നും ലഭിച്ച വിവരങ്ങളെല്ലാം ശേഖരിച്ച് ഒരു ഡാറ്റാബേസ് ഉണ്ടാക്കിയാൽ ഏത് സമയവും അത് ഉപയോഗിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലെ പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ എന്നറിയാനും ശ്രമിക്കണം. ഈ ആധുനിക കാലഘട്ടത്തിൽ അതിനൊന്നും വലിയ പ്രയാസം ഉണ്ടാകും എന്ന് തോന്നുന്നില്ല.
ഇതര സംസ്ഥാന തൊഴിലാളികൾ ശത്രുക്കളല്ല അതിഥികളാണ് എന്ന സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ അതിനിടയിൽ നടക്കുന്ന കൊലപാതകങ്ങൾ നമ്മൾ എത്രത്തോളം ജാഗരൂകരാവണം എന്ന മുന്നറിയിപ്പാണ് നൽകുന്നത്.
കേരളം ലോകം മുഴുവൻ അറിയപ്പെടുന്നത് വിനോദ സഞ്ചാര കാമ്പയിന്റെ ഭാഗമായാണ്. ടൂറിസം വികസനത്തിന് കേന്ദ്രത്തിന്റെ അകമഴിഞ്ഞ സഹായം വേണമെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലിമെന്റിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെയാണ് നുഴഞ്ഞ് കയറിയ ഒരുവൻ പ്രജയെ കൊലക്കത്തിക്കിരയാക്കിയത്.
നടക്കാനുള്ളതെല്ലാം നടക്കും. പക്ഷെ നടന്നു കഴിഞ്ഞതിന് ശേഷം സത്യസന്ധമായ രീതിയിൽ കാര്യങ്ങൾ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്ത് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ സൽപ്പേര് നിലനിർത്താൻ കഴിയും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.