മുംബൈ - ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇ-മെയില്‍ വഴിയാണ് മുകേഷ് അംബാനിക്ക് വധഭീഷണി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മുകേഷ് അംബാനിയുടെ കമ്പനിയുടെ ഇമെയില്‍ ഐ ഡിയിലേക്കാണ് അജ്ഞാതന്റെ വധഭീഷണി ലഭിച്ചത്. മുകേഷ് അംബാനി 20 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊന്ന് കളയും എന്നുമാണ് ഭീഷണി. 'നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്' എന്നായിരുന്നു ഇ-മെയില്‍. മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഗാംദേവി പൊലീസ് അജ്ഞാതനായ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും മുകേഷ് അംബാനിക്കെതിരെ വധ ഭീഷണിയുണ്ടായിരുന്നു.