തിരുവനന്തപുരം - വാത്സല്യമെന്നു പറഞ്ഞ് മാധ്യമപ്രവർത്തകയ്ക്കെതിരെ നടത്തിയ വഷളത്തരത്തെ നടൻ സുരേഷ് ഗോപി വെള്ളപൂശേണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പി പറഞ്ഞു. വിഷയത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്നും റഹീം ചോദിച്ചു.
സ്മൃതി ഇറാനിക്ക് ഫഌയിങ് കിസ് കൊടുത്തെന്ന് പാർല്ലമെന്റിനകത്തും പുറത്തും വ്യാജപ്രചാരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബി.ജെ.പിക്കാർ. സ്മൃതി ഇറാനിയും ബി.ജെ.പിയും ഇതു കാണുന്നുണ്ടാകും. പ്രധാനമന്ത്രിക്കു വേണ്ടപ്പെട്ട ഒരാൾ പരസ്യമായി ഇതാണ് കാണിക്കുന്നത്. ഒരു സ്ത്രീ ഒഴിഞ്ഞു മാറുന്നു. ആ സ്ത്രീയോട് വളരെ വഷളത്തം നിറഞ്ഞ ശരീര ഭാഷയും വർത്തമാനവും നടത്തുന്നു. സ്ത്രീയെ സ്പർശിക്കാൻ ശ്രമിക്കുകയും അവർ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. വീണ്ടും അവരുടെ ദേഹത്തു വീണ കൈ അവർ എടുത്തുമാറ്റാൻ ശ്രമിക്കുന്നു. ആ നിലപാടിനെ വീണ്ടും ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനേക്കാൾ വലിയ വഷളത്തരമാണെന്നും റഹീം കുറ്റപ്പെടുത്തി.