ജനീവ- ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി. വൻ ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്. ഇസ്രായിൽ-ഗാസ സംഘർഷത്തിന്റെ 21-ാം ദിവസമാണ് പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കിയത്. ഗാസയിലേക്ക് ഇസ്രായിൽ സൈന്യത്തിന്റെ കരയാക്രമണം നടക്കുന്നതിനിടെയാണ് പ്രഖ്യാപനം. 120 രാജ്യങ്ങൾ വെടിനിർത്തൽ വേണമെന്ന പ്രമേയത്തെ പിന്തുണച്ചു. അമേരിക്ക അടക്കം 14 രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്. 45 രാജ്യങ്ങൾ വിട്ടുനിന്നു. വെടിനിർത്തൽ വേണമെന്ന് ആവശ്യത്തെ ഫ്രാൻസ് പിന്തുണച്ചു. ജർമ്മനിയും ഇറ്റലിയും ബ്രിട്ടനും വിട്ടുനിന്നു. എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും വിവേചനരഹിതമായ ആക്രമണങ്ങളെയും ഉൾപ്പെടെ ഫലസ്തീനിലെയും ഇസ്രായിലിലെയും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള മുഴുവൻ ആക്രമണ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി പ്രമേയത്തിലുണ്ട്. എന്നാൽ ഹമാസിന്റെ പേര് പ്രമേയത്തിൽ പരാമർശിച്ചില്ല. ഇതിനെ ഇസ്രായിൽ അപലപിച്ചു. 'ഈ പ്രമേയത്തിന് സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ മാത്രമാണെന്നായിരുന്നു ഇസ്രായിലിന്റെ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്.
ഇന്ത്യ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ യോജ്ന പട്ടേൽ പറഞ്ഞു. ഗാസയിലെ സ്ഥിതി വിശേഷം ഇത്തരത്തിൽ തുടരുന്നത് ആശങ്കയുണ്ടാക്കുമെന്നും ഉടൻ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അവർ ആവർത്തിച്ചു. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് എല്ലാവരോടും ആവശ്യപ്പെട്ടു.