ഗാസ- ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യക്കൊരുങ്ങി ഇസ്രായിൽ സൈന്യത്തിന്റെ ബോംബർ വിമാനങ്ങൾ ഗാസയുടെ ആകാശത്ത്. ഇന്റർനെറ്റ് സൗകര്യങ്ങളെല്ലാം പൂർണമായും വിച്ഛേദിച്ച് ഗാസയിലെ കൂട്ടക്കുരുതി ലോകത്തിന്റെ കണ്ണിൽനിന്ന് മറക്കാനാണ് ഇസ്രായിൽ ശ്രമിക്കുന്നത്. ഇന്ന്(വെള്ളി) പകൽ പൂർണമായും ഗാസയിൽ ഇസ്രായിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെയാണ് രാത്രി ഇന്റർനെറ്റ് വിച്ഛേദിച്ചുള്ള കൂട്ടക്കൊല. ഗാസയിൽ ജനങ്ങൾക്കെതിരെ നടന്ന ഹീനമായ കൂട്ടക്കൊലകളുടെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഇസ്രായേലിനും യു.എസിനും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ആണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ ഫലസ്തീനികൾക്കെതിരായ 'കുറ്റകൃത്യങ്ങളും കൂട്ടക്കൊലകളും' തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘം അറബ് രാഷ്ട്രങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും ഹമാസ് ആവശ്യപ്പെട്ടു. ഗസായിലേക്കുള്ള കരയാക്രമണം തുടങ്ങിയെന്ന് ഇസ്രായില്‍ സൈനിക മേധാവി പറഞ്ഞു.
അതേസമയം, ഇസ്രായിലിൽനിന്ന് പിടികൂടിയ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഹമാസ്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിലാണ് ഹമാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുവരെ നാല് ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ശാന്തമായ അന്തരീഷം വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രായിലിൽനിന്ന് പിടികൂടിയ ബന്ദികളെയെല്ലാം ഇസ്രായിലികളായാണ് കാണുന്നതെന്നും വെടിനിർത്തലിന് സമ്മതിക്കുന്നതുവരെ അവരിൽ ആരെയും വിട്ടയക്കാനാവില്ലെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലേക്ക് കരയാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായിൽ ആവർത്തിച്ചെങ്കിലും സാധാരണക്കാരെ കൊന്നൊടുക്കുന്ന നടപടി പാടില്ലെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഗാസയിലേക്ക് നുഴഞ്ഞുകയറാൻ രണ്ടു വട്ടം ഇന്നലെ ഇസ്രായിൽ സൈന്യം ശ്രമിച്ചെങ്കിലും ഹമാസ് ചെറുത്തു. ഗാസ മുനമ്പിന്റെ തെക്കേ അറ്റത്തുള്ള കടൽത്തീരത്താണ് ഇസ്രായിൽ സൈന്യം ഇറങ്ങാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയും ശക്തമായ ആക്രമണമാണ് ഗാസക്ക് നേരെ ഇസ്രായിൽ നടത്തിയത്.
അതിനിടെ ഗാസയിലേക്ക് കരയാക്രമണം നടത്തരുതെന്നാണ് ഇസ്രായിൽ ജനതയിലെ പകുതി ആളുകളും അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ബന്ദികളെ ഹമാസ് വധിച്ചേക്കുമെന്ന ആശങ്കയാണ് ഇതിനുള്ള പ്രധാന കാരണം.
ഇസ്രായിലിലെ ടെൽ അവീവിലേക്ക് റോക്കറ്റുകൾ ഉപയോഗിച്ച് കൂട്ടയാക്രമണം നടത്തിയതായി ഹമാസ് പറഞ്ഞു. ഗാസയിലെ സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇസ്രായിലിലേക്ക് റോക്കറ്റുകളുടെ സാൽവോസ് (റോക്കറ്റ് വ്യൂഹം) പ്രയോഗിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ എസെദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
അതിർത്തിയിൽ ഇസ്രായിൽ വിമാനങ്ങൾ തീജ്വാലകളും ബോംബുകളും വീഴ്ത്തുന്നതിനൊപ്പം വെടിവെപ്പും കനത്ത ഷെല്ലാക്രമണവും വ്യോമാക്രമണവും നടക്കുന്നതായി സെൻട്രൽ ഗാസ നിവാസികൾ പറഞ്ഞു. ഗാസയിലേക്ക് കരയാക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശമന്ത്രി ആവർത്തിച്ചു. ലെബനീസ്, ഫലസ്തീൻ പോരാളികൾ തങ്ങളുടെ ട്രിഗറിൽ വിരൽ ചൂണ്ടിയിരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർഅബ്ദുള്ളാ ഹിയാൻ പറഞ്ഞു. പോരാളികളുടെ പ്രവർത്തനങ്ങൾ 'നിങ്ങൾ കണ്ടതിനേക്കാൾ വളരെ ശക്തവും ആഴമേറിയതുമായിരിക്കുമെന്നും അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും ഇറാനിയൻ പിന്തുണയുള്ള മിലിഷ്യകൾ നടത്തിയ ആക്രമണത്തിൽ ഒരു യു.എസ് പൗരനായ കോൺട്രാക്ടർ ഹൃദയാഘാതം മൂലം മരിക്കുകയും 21 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് അമേരിക്ക നടത്തിയത്. ഇസ്രായിൽ മൂന്നാഴ്ചയോളമായി തുടരുന്ന ആക്രമണത്തിൽ ഗാസയിൽ 7,326 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 3,038 കുട്ടികളാണ്.
ഇസ്രായിൽ ബോംബാക്രമണത്തിനിടെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം മൂലം ഗാസ 'അഭൂതപൂർവമായ മനുഷ്യ ദുരിതം' അഭിമുഖീകരിക്കുന്നുവെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് പഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കുക, എല്ലാ ബന്ദികളെയും നിരുപാധികം മോചിപ്പിക്കുക, ജീവൻരക്ഷാ സാമഗ്രികൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ആവർത്തിക്കുകയാണ്. ഒരു മാറ്റവുമില്ലാതെ ഗാസയിൽ ദുരിതങ്ങൾ നിമിഷം തോറും വളരുകയാണ്. ഗാസയിലെ ജനങ്ങൾ മനുഷ്യദുരിതത്തിന്റെ അഭൂതപൂർവമായ കെടുതികൾ നേരിടുകയാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇസ്രായിലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഇരുഭാഗത്തും യുദ്ധക്കുറ്റങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഇന്നലെ വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് മറുപടിയായി ഗാസക്കാരെ കൂട്ടായി ശിക്ഷിക്കരുതെന്നും ഇപ്പോൾ നടക്കുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും യു.എൻ വക്താവ് രവീന ഷംദസാനി ജനീവയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് തെളിയിക്കേണ്ടത് ഒരു സ്വതന്ത്ര കോടതിയാണെന്നും അവർ പറഞ്ഞു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ല. ഈ സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിക്കരുത്. സമ്പൂർണ്ണ ഉപരോധത്തിനിടയിൽ നിർബന്ധിത ഒഴിപ്പിക്കൽ ആശങ്കകൾ ഉയർത്തുന്നു. ഇത് യുദ്ധക്കുറ്റമാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇസ്രായിൽ സ്‌ഫോടനാത്മക ആയുധങ്ങൾ ഉപയോഗിക്കുന്നത് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത് അന്താരാഷ്ട്ര മാനുഷിക നിയമവുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്- അവർ കൂട്ടിച്ചേർത്തു. ഫലസ്തീൻ സായുധ ഗ്രൂപ്പുകളുടെ വിവേചനരഹിതമായ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ബന്ദിയാക്കപ്പെട്ട എല്ലാ സാധാരണക്കാരെയും അവർ ഉടനടി നിരുപാധികം മോചിപ്പിക്കണം. ബന്ദികളാക്കുന്നതും യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. യു.എന്നിന്റെ കീഴിലുള്ള ദുരിതാശ്വാസ പ്രവർത്തകരായ 57 പേരാണ് ഇതേവരെ ഗാസയിൽ കൊല്ലപ്പെട്ടത്. വംശഹത്യ നടത്തുന്ന ഭീകര സംഘടനയായ ഹമാസുമായി ഇസ്രായേൽ യുദ്ധത്തിലാണെന്നും ഇത് ഫലസ്തീനുമായുള്ള യുദ്ധമല്ലെന്നുമാണ് ഇതിന് ഇസ്രായിൽ മറുപടി പറഞ്ഞത്. ഗാസയിലെ പ്രധാന ആശുപത്രിയെ തങ്ങളുടെ തുരങ്കങ്ങൾക്കും പ്രവർത്തന കേന്ദ്രങ്ങൾക്കും ഒരു കവചമായി ഹമാസ് ഉപയോഗിച്ചതായി ഇസ്രായിൽ സൈന്യം ആരോപിച്ചു. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇറാൻ പിന്തുണയുള്ള പോരാളികൾ യുഎസ് സേനയ്‌ക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇന്നലെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ സിറിയയിലെ ആയുധങ്ങളും വെടിക്കോപ്പുകളും തകർത്തു.
വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു. ഈ ദാരുണമായ നഷ്ടങ്ങൾ തടയാനുള്ള ഏക മാർഗം സമാധാനത്തിനായി പ്രവർത്തിക്കുക എന്നതുമാത്രമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.