കയ്‌റോ- ചെങ്കടല്‍ തീരത്തെ രണ്ട് ഈജിപ്ഷ്യന്‍ പട്ടണങ്ങളില്‍ ഡ്രോണ്‍ ആക്രമണം. ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള തബയില്‍ കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ തബയിലെ ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് ഒരു 'അജ്ഞാത ഡ്രോണ്‍' തകര്‍ന്നുവീഴുകയായിരുന്നെന്ന് ഈജിപ്ഷ്യന്‍ സൈനിക വക്താവ് കേണല്‍ ഗാരിബ് അബ്ദുല്‍ഹഫീസ് പറഞ്ഞു. മറ്റൊരു ഡ്രോണ്‍ നുവൈബ പട്ടണത്തിലെ ഒരു വൈദ്യുത പ്ലാന്റിന് സമീപം വീണതായി രണ്ട് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഈജിപ്തിലെ അല്‍ ഖഹേറ ന്യൂസും ഇത് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് വിഷയത്തെക്കുറിച്ചുള്ള അറിവുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് പറഞ്ഞു.
സ്‌ഫോടന ശബ്ദം കേട്ടതായും പുക ഉയരുന്നതും ഈജിപ്ഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതും കണ്ടതായി ഇരു നഗരങ്ങളിലെയും സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.