മുംബൈ- റിയാദ് വിമാനതാവളത്തിൽ ജെറ്റ് എയർവേയ്‌സ് റൺവേയിൽനിന്ന് തെന്നിമാറിയ സംഭവത്തിൽ രണ്ടു പൈലറ്റുമാരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ)സസ്‌പെന്റ് ചെയ്തു. രണ്ടു പൈലറ്റുമാരുടെയും ലൈസൻസ് സസ്‌പെന്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്ന് സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിയാദിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത്.
'ആർ-33' ലൂടെ പുറപ്പെടേണ്ട വിമാനം 'കെ' റൺവേയിലൂടെ പുറപ്പെട്ടതാണ് അത്യാഹിതത്തിന് ഇടയാക്കിയത്. ഇത് വിമാനങ്ങൾക്ക് സഞ്ചരിക്കുന്നതിനുള്ള വഴിയാണ്. വിമാനം ടേക്ക് ഓഫ് പോയിന്റ് പിന്നിട്ട് മുന്നോട്ട് നീങ്ങി മണ്ണ് നിറഞ്ഞ് ഭാഗത്തേക്ക് തെന്നിമാറി 'ജി 4' റൺവേക്ക് സമീപത്ത് നിൽക്കുകയായിരുന്നു. വിമാനം നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയായിരുന്ന ദ്രുതകർമ സേന സെക്കന്റുകൾക്കകം ഉണർന്ന് പ്രവർത്തിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഞൊടിയിടക്കുള്ളിൽ വിമാനത്തിലെ 144 യാത്രികരെയും ഏഴ് ജീവനക്കാരെയും എമർജൻസി എക്‌സിറ്റ് വഴി പുറത്തെത്തിക്കുകയായിരുന്നു. ഇന്ത്യൻ എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി സഹകരിച്ചാണ് സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയത്.