Sorry, you need to enable JavaScript to visit this website.

മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധം; കരട് റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം മൂന്നുമാസം കൂടി സമയം തേടി

ന്യൂദല്‍ഹി- വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന കരട് റിപ്പോര്‍ട്ട് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗീകരിച്ചില്ല. വെള്ളിയാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മൂന്ന് മാസത്തേക്ക് കൂടി സമയ പരിധി നീട്ടാന്‍ ആവശ്യപ്പെട്ടു. ഇതാണ് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടിന് അംഗീകാരം കിട്ടാതിരിക്കാന്‍ കാരണം.
നവംബര്‍ ആറിനാണ് അടുത്ത യോഗം. വിവാഹേതര ലൈംഗിക ബന്ധവും  ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോര്‍ട്ടിലുള്ളത്.  
ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകളാണ് പാനലിന്റെ പരിഗണനയിലുള്ളത്.  ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് ബില്ലുകള്‍.
വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്താണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം. ഭാരതീയ ശിക്ഷാ നിയമം പാര്‍ലമെന്ററി സമിതി യോഗത്തില്‍ പരിശോധിച്ചപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ലിംഗസമത്വം ഉറപ്പാക്കി ഈ വകുപ്പ്  കൊണ്ടുവരണമെന്നാണ് ശുപാര്‍ശ. ഐ.പി.സി, സി.ആര്‍.പി.സി എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. അതേസമയം, നിലവിലെ ആവശ്യം വീണ്ടും ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് പാര്‍ലമെന്റ് പാനലിന്റെ നീക്കം.

 

Latest News