ഗാസ- ഞങ്ങളുടെ പുരുഷൻമാരെയെല്ലാം ഇസ്രായിൽ സൈന്യം കൊന്നൊടുക്കിയാലും അവസാനം വരെ പോരാടുമെന്ന് ഗാസയിലെ സ്ത്രീകൾ. ഗാസയിലേക്ക് ഇസ്രായിൽ സൈന്യം കരയാക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഉംമൊതാസം അൽ അലാമി വാർത്ത ഏജൻസിയോട് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈന്യത്തെ വെറും കൈകൊണ്ട് പോരാടാൻ തങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു. ഇസ്രായിലിന്റെ പീരങ്കി ആക്രമണത്തിൽ ഇവരുടെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അവർ ഞങ്ങളുടെ ദേഹത്തെല്ലാം മുറിവുകളുണ്ടാക്കിയിരിക്കുന്നു. എന്നിട്ടും ഞങ്ങൾ പിന്തിരിയാൻ തയ്യാറായിട്ടില്ല. ഞങ്ങളുടെ നഖം കൊണ്ട് പോലും അവരെ ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കും. അതിനിടെ, ഗാസയിലേക്ക് കരയാക്രമണം നടത്തരുതെന്ന് അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രായിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണകക്ഷിയായ ഹമാസ് ബന്ദികളാക്കിയവരെ കരയാക്രമണം പ്രതികലൂമായി ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. ഗാസയിലേക്ക് കര വഴി ഇസ്രായിൽ ചില ചെറിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
'ഇത് ഞങ്ങളുടെ നാടാണ്, അതിനുള്ളിൽ അവർ ഞങ്ങളോട് യുദ്ധം ചെയ്യുന്നു. ഈ രക്തച്ചൊരിച്ചിലും കഷ്ടപ്പാടും എത്രനാൾ ഉണ്ടാകുമെന്ന് ഗാസയിൽനിന്നുള്ള അബൂദഖ പറഞ്ഞു. 'ആരെങ്കിലും ഇവിടെ കയറിവന്നാൽ, അത് ആരായാലും അവരെ ഞങ്ങൾ കൊല്ലും. 3,038 കുട്ടികളടക്കം 7,326 ഫലസ്തീനികളാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ തങ്ങൾക്ക് സംശയമുണ്ടെന്ന് ഇസ്രായേലും അമേരിക്കയും പറയുന്നു. എന്നാൽ തങ്ങളുടേതായ കണക്കുകൾ അവർ നൽകിയിട്ടില്ല.
അതിർത്തിയിൽ ഇസ്രായേൽ വിമാനങ്ങൾ തീജ്വാലകളും ബോംബുകളും വർഷിക്കുന്നതിനൊപ്പം വെടിവെപ്പും കനത്ത ഷെല്ലാക്രമണവും നടത്തുന്നതായി ഗാസയിലെ നിവാസികൾ പറഞ്ഞു.
തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ഭയത്തിനൊപ്പം ഗാസ നിവാസികൾ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയെയും നേരിടുന്നു, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ക്ഷാമം ഗാസയിലുള്ളവർ നേരിടുന്നുണ്ട്.
ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് ചില സഹായങ്ങൾ അനുവദിച്ചെങ്കിലും ഇത് ആവശ്യമായതിന്റെ ഒരു ശതമാനം പോലുമില്ല. ഇസ്രായിൽ ഇതിനകം തന്നെ ഗാസയിലെ ഉപരോധം കർശനമാക്കി. ഭക്ഷ്യ, ഇന്ധന ഇറക്കുമതി പൂർണ്ണമായും നിരോധിക്കുകയും വൈദ്യുതി വിതരണം വെട്ടിക്കുറക്കുകയും ചെയ്തു. ആശുപത്രികളും കനത്ത പ്രതിസന്ധി നേരിടുകയാണ്.
ഗാസയിലെ നാസർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗം രോഗികളെ കൊണ്ടു നിറഞ്ഞു. പുതിയ യൂണിറ്റ് തുറന്നെങ്കിലും ഒരു സൗകര്യവുമില്ല. ഈ യൂണിറ്റുകൾ പൂർണ്ണമായും സജ്ജീകരിച്ചിട്ടില്ല. കൃത്രിമ ശ്വസന സംവിധാനങ്ങളും രോഗികളെ നിരീക്ഷിക്കാനുള്ള യന്ത്രങ്ങളും ഇല്ലെന്ന് ഡോ. ഹമൂദ ഷാത്ത് പറഞ്ഞു.