Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ വൈകി യാത്ര മുടങ്ങി; റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി- ചെന്നൈ- ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന്  ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ  കാര്‍ത്തിക് മോഹന്‍ ചെന്നൈയില്‍ കമ്പനിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ചെന്നൈ- ആലപ്പി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിന്‍ കയറുന്നതിനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് റെയില്‍വേയില്‍ നിന്നും ലഭിച്ചത്. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന് ചെന്നൈയില്‍ നടന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ  ഒട്ടനവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറായിവന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പ് ഇല്ലാത്ത വൈകല്‍ ദുരിതത്തിലാക്കി. 

റെയില്‍വേയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് സാമ്പത്തിക- മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരന്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

എന്നാല്‍ യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയില്‍വേ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

റെയില്‍വേയുടെ വാദങ്ങളെ പൂര്‍ണമായും തള്ളിയ കമ്മിഷന്‍ ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയില്‍വേ യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയത് എന്നും ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി  വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. യാതൊരു ന്യായീകരണവുമില്ലാതെ ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും കമ്മീഷന്‍ വിലയിരുത്തി. യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു. 

തുടര്‍ന്ന് സേവനത്തില്‍ വീഴ്ചവരുത്തിയ സതേണ്‍ റെയില്‍വേ അരലക്ഷം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ്് ഡി. ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി. എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

Latest News