ദിസ്പുര്‍- ബഹുഭാര്യത്വം തടയുമെന്ന് പ്രഖ്യാപിച്ച അസമിൽ സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ലെന്ന ഉത്തരവ് കർശനമാക്കി. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കില്‍പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദ്വിഭാര്യത്വം തിരഞ്ഞെടുക്കാൻ സർക്കാർ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
സമുദായം രണ്ടാം വിവാഹത്തിനുവദിക്കുന്നുണ്ടെങ്കിൽപോലും സര്‍ക്കാര്‍ അനുമതി കൂടിയേ തീരൂ. ഇത്തരത്തിലൊരു നിയമം വര്‍ഷങ്ങളായി നിലവിലുണ്ട്. അത് കർശനമായി നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു വിവാഹങ്ങള്‍ ചെയ്ത ജീവനക്കാരുടെ ഭാര്യമാര്‍ അവരുടെ മരണശേഷം ഭര്‍ത്താവിന്റെ പെന്‍ഷനു വേണ്ടി തമ്മില്‍തല്ലുന്നത് കാണാമെന്നും ഹിമന്ത പറഞ്ഞു.
ബഹുഭാര്യത്വം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുകുയാണെന്ന് ഹിമന്ത ശര്‍മ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ജീവനക്കാരെ അറിയിച്ചിരുന്നു. ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു വിവാഹത്തിന് അനുമതിയില്ലെന്നും എന്നാൽ വ്യക്തിനിയമം അതിന് അനുവദിക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സമാനമായി, സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും ഭര്‍ത്താവ് ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിന് അനുമതിയില്ലെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.