ലണ്ടന്‍-69 ദിവസം ലീവ് എടുത്തതിന് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഐറിഷ് സ്വദേശി വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മിഹാലിസ് ബ്യൂനെങ്കോ എന്നയാളെയാണ് ലിഡില്‍ എന്ന കമ്പനി പുറത്താക്കിയത്. 11 വര്‍ഷമായി ഇയാള്‍ ഈ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹാജര്‍ റെക്കോര്‍ഡ് തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി 2021 ലാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഒടുവില്‍ മിഹാലിസ് കോടതിയെ സമീപിക്കുകയായിരുന്നു.
മിഹാലിസ് 69 ലീവുകള്‍ എടുത്തെന്നും പത്ത് തവണ അദ്ദേഹം നേരത്തെ ഇറങ്ങിയെന്നും 13 തവണ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുത്തെന്നും കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ പോള്‍ ടുമി കോടതിയെ അറിയിച്ചു. ഇതിന് വ്യക്തമായ വിശദീകരണം നല്‍കാത്തതിനാലാണ് മിഹാലിസ് ബ്യൂനെങ്കോയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും കമ്പനി അറിയിച്ചു.തന്റെ പ്രവൃത്തി ദിവസങ്ങളുടെ 20 ശതമാനവും മിഹാലിസ് ബ്യൂനെങ്കോ ലീവില്‍ ആയിരുന്നു എന്നും ഇതുമൂലം സഹപ്രവര്‍ത്തകര്‍ക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നെന്നും കമ്പനിയുടെ റീജിയണല്‍ ലോജിസ്റ്റിക്സ് മാനേജര്‍ അറിയിച്ചു. ഈ വിഷയം മിഹാലിസുമായി പല തവണ സംസാരിച്ചെങ്കിലും ഇയാള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മിഹാലിസ് ബ്യൂനെങ്കോയുടെ അറ്റോര്‍ണി, കമ്പനിയുടെ മാനേജര്‍ ഡെര്‍മോണ്ട് ഷീഹാനെ ചോദ്യം ചെയ്തു. കമ്പനിയുടെ സിക്ക് ലീവ് പോളിസിക്കു കീഴില്‍ 69 ദിവസത്തെ അവധിക്ക് അംഗീകാരമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.
2021 ജൂണ്‍ 4-ന്, മോശം പെരുമാറ്റം ആരോപിച്ച് ലിഡില്‍ തന്നെ അന്യായമായി പുറത്താക്കിയതായും മിഹാലിസ് ബ്യൂനെങ്കോ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയില്‍ പല തവണ കഴിയേണ്ടി വന്നതിനാല്‍, 69 ദിവസത്തെ അവധിയെടുക്കാന്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ഹാന്‍ഡ്ബുക്കില്‍ ഇത്രയും സിക്ക് ലീവ് എടുക്കുന്നതിന് പിഴയോ മറ്റ് നടപടികളോ പരാമര്‍ശിച്ചിട്ടില്ലെന്നും മിഹാലിസ് ചൂണ്ടിക്കാട്ടി. ഒടുവില്‍, നഷ്ടപരിഹാരമായി മിഹാലിസ് ബ്യൂനെങ്കോയ്ക്ക് 14,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) നല്‍കാന്‍ കോടതി വിധിച്ചു.