വാഷിംഗ്ടണ്‍- ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്താന്‍ കാരണം ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടായിരിക്കാമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍.
വാഷിംഗ്ടണില്‍ സന്ദര്‍ശനം നടത്തുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോ ബൈഡന്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.
ഹമാസിന്റെ ആക്രമണത്തിന് പിന്നിലെ ഒരു കാരണം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനുള്ള തെളിവുകള്‍ തന്റെ കൈവശമലില്ലെന്നും പറഞ്ഞ ജോ ബൈഡന്‍ തന്റെ സഹജാവബോധമാണ് തന്നോട് ഇക്കാര്യം പറയുന്നതെന്നും വിശദമാക്കി. ഇങ്ങനെയൊക്കയാണെങ്കിലും തങ്ങള്‍ക്ക് പ്രസ്തുത പ്രവര്‍ത്തി ഉപേക്ഷിക്കാനാവില്ലെന്നും ബൈഡന്‍ പറഞ്ഞു.
ചൈനയുടെ പദ്ധതിക്ക് ബദലായി പലരും കാണുന്ന പദ്ധതി യു എസ്, ഇന്ത്യ, സൗദി അറേബ്യ, യു എ ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ജി20 ഉച്ചകോടിയില്‍ സംയുക്തമായി പ്രഖ്യാപിച്ചത്. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സാമ്പത്തികമായും രാഷ്ട്രീയമായും സഹകരിക്കുന്നത് വലിയ മാറ്റം കൊണ്ടുവരുമെന്ന് ബൈഡന്‍ പറഞ്ഞു. ഒരാഴ്ചക്കിടെ ഇതേ കാര്യം രണ്ടാം തവണയാണ് ബൈഡന്‍ പറയുന്നത്.