ന്യൂദല്‍ഹി - തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയുടെ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച വിവരം നല്‍കാന്‍ ലോകസഭയുടെ എത്തിക്സ് കമ്മറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. വിദേശ യാത്ര സംബന്ധിച്ച് ലോകസഭയെ അറിയിക്കുന്നതും മറ്റ് ക്ലിയറന്‍സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും മഹുവ മൊയ്ത്ര തന്നെയാണോ പൂര്‍ത്തിയാക്കിയതെന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. കൂടാതെ, മൊയ്ത്ര ഉള്‍പ്പെട്ട വിവാദത്തില്‍ വിവരസാങ്കേതിക മന്ത്രാലയത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍ നിന്നുള്ള എം പിയായ മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിവാദമുണ്ടായത്. സംഭവത്തില്‍ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി എം പിക്ക് സമന്‍സ് അയച്ചു. എം പി ഒക്ടോബര്‍ 31 ന് കമ്മറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.