ന്യൂദല്‍ഹി - ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചവര്‍ക്ക് നിയമ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സെയിലര്‍ രാകേഷ് എന്ന മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവര്‍ ഇതുവരെ ഏകാന്ത തടവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബര്‍ മാസത്തില്‍ മാത്രമാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഖത്തറിന്റെ ശിക്ഷാവിധിയില്‍ ഇന്ത്യ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി.