മംഗളൂരു- കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ കുന്ദാപൂരിനു സമീപം ഗ്രാമീണരില്‍ ഭീതി വിതച്ച പുള്ളിപ്പുലി ഒടുവില്‍ കെണിയിലായി. ഏതാനും ആഴ്ചകളായി ഗ്രാമീണരെ ഭീതിയിലാക്കിയിരുന്ന പുലിയെ മലാഡി ഗ്രാമത്തിനു സമീപം വെച്ചാണ് പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരവധി പട്ടികളെ പുലി വകവരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണി സ്ഥാപിച്ചത്. ആദ്യം ആടിനെയാണ് കൂട്ടിലടച്ചതെങ്കിലും പുലി തിരിഞ്ഞുനോക്കിയില്ല. ആടിനെ മാറ്റി പട്ടിയെ കൂട്ടിലടച്ചതിനു പിന്നാലെയാണ് പുള്ളിപ്പുലി കൂട്ടില്‍ കയറിയത്.
മൂന്ന് വയസ്സായ ആണ്‍പുലിയാണ് കെണിയിലകപ്പെട്ടതെന്ന് കുന്ദാപുര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശരത് ഷെട്ടി പറഞ്ഞു. ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മൂകാംബിക വന്യജീവി സങ്കേതത്തിലെത്തിച്ചു.