തിരുവനന്തപുരം- കേരളത്തില്‍ വ്യാഴാഴ്ചയും ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കു ശേഷം മഴ ശക്തിപ്പെടുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് പ്രവചനത്തില്‍ പറയുന്നത്.
എന്നാല്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ജില്ലകള്‍ക്ക് നല്‍കിയിട്ടില്ല. കേരളം, തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയപ്പില്‍ പറയുന്നു. എങ്കിലും കേരള- കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.