തായ്പേയ്- വിവാഹ ഫോട്ടോ ഷൂട്ടിനായി ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് സാധാരണയായി വധൂവരന്മാര്‍ ശ്രമിക്കാറ്. എന്നാല്‍, തായ്വാനില്‍ നിന്നുള്ള ദമ്പതികള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് തങ്ങളുടെ ഫോട്ടോ ഷൂട്ടിനായി തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്നോ? ഒരു വലിയ മാലിന്യ കൂമ്പാരം. തായ്വാനിലെ ഗ്രീന്‍പീസ് പ്രചാരകയായ ഐറിസ് ഹ്സൂഹും അവളുടെ പ്രതിശ്രുതവരനുമാണ് തങ്ങളുടെ വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനായി ഇത്തരത്തില്‍ ഒരു സ്ഥലം തെരഞ്ഞെടുത്തത്.
ജനുവരിയിലാണ് ഇവരുടെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വിവാഹ ആഘോഷം തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ള അതിഥികളും ചിത്രങ്ങള്‍ കാണുന്നവരും അനാവശ്യ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബോധവന്മാരാകുന്നതിന് വേണ്ടിയാണത്രേ ഐറിസ് ഇത്തരത്തിലൊരു വേറിട്ട ഫോട്ടോഷൂട്ട് ആശയം നടപ്പിലാക്കിയത്. ആളുകളോട് സംസാരത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിലും ഫലപ്രദമായ കാര്യം അത് കാണിച്ച് വിശ്വസിപ്പിക്കുന്നതാണന്ന് തോന്നിയതിനാലാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തെത് എന്നാണ് ഈ നവദമ്പതികള്‍ പറയുന്നത്.
തായ്പേയ് സ്വദേശികളായ ഇവര്‍ നാന്റൗ കൗണ്ടിയിലെ പുലി ടൗണ്‍ഷിപ്പിനടുത്തുള്ള ഒരു പ്രദേശിക മാലിന്യ കൂമ്പാരത്തിലെത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വര്‍ഷങ്ങളായി ആളുകള്‍ മാലിന്യം തള്ളുന്നതിനെ തുടര്‍ന്ന് ഇന്ന് ഇവിടം വലിയൊരു മാലിന്യ കൂമ്പാരം തന്നെയായി മാറിക്കഴിഞ്ഞുവെന്നാണ് പ്രാദേശി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികളോട് ഭക്ഷണം കഴിച്ചതിന് ശേഷം മിച്ചം വന്നവ അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകാനായി പാത്രങ്ങള്‍ കൊണ്ടുവരാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും അതിഥികള്‍ പാത്രം കൊണ്ടുവരാന്‍ തയ്യാറായില്ലെങ്കില്‍, താന്‍ അവരെ ഫോട്ടോ കാണിച്ച് മാലിന്യ പ്രശ്നത്തിന്റെ ഭീകരത പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഐറിസ് പറയുന്നത്.
23 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപ് രാഷ്ട്രത്തിന് 1987 മുതല്‍ ഒരു റീസൈക്ലിംഗ് പ്രോഗ്രാമുണ്ട്, 50 ശതമാനത്തിലധികം ഗാര്‍ഹിക മാലിന്യങ്ങളും ഈ സംവിധാനത്തിലൂടെ പ്രോസസ്സ് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍, 1980 മുതല്‍ മാലിന്യത്തിന്റെ അളവ് പ്രതിദിനം 20 ടണ്ണില്‍ നിന്ന് 50 ടണ്ണായി വര്‍ധിച്ചതായി പുലി ടൗണ്‍ഷിപ്പിന്റെ സാനിറ്റേഷന്‍ ക്രൂ ഹെഡ് ചെന്‍ ചുന്‍-ഹങ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനസംഖ്യ കുറയുമ്പോഴും മാലിന്യം കൂടുകയാണന്നും അദ്ദേഹം ചൂണികാണിച്ചു.