Sorry, you need to enable JavaScript to visit this website.

ഈ സ്ഥലത്തെ ഭൂമി ആരും പെട്ടെന്ന് വില്‍ക്കല്ലേ,  ഉടന്‍ പത്തിരട്ടിയാകും-കര്‍ണാടക ഉപ മുഖ്യമന്ത്രി 

ബംഗളൂരു-കനകപുരയിലെ കൃഷിഭൂമികള്‍ ബംഗളൂരുവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കരുതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ കനകപുരയിലെ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകപുര ഉടന്‍ തന്നെ ബംഗളൂരുവിനോട് ചേരുമെന്നും അതോടെ കനകപുരയിലെ ഭൂമിയുടെ വില കുതിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു. കനകപുരയില്‍ നിന്നും എട്ട് തവണ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. കനകപുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മതിയായ പണം നല്‍കാനോ വീട് നിര്‍മ്മിച്ച് കൊടുക്കാനോ പൂര്‍ണമായും സാധിച്ചിരുന്നില്ല. പക്ഷെ കനകപുരയിലെ ഭൂമിയുടെ മൂല്യം പത്തിരട്ടി വര്‍ദ്ധിപ്പിക്കാനുളള കഴിവ് ദൈവം തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനകപുര രാംനഗര്‍ ജില്ലയില്‍ അല്ലെന്നും ബംഗളൂരുവിലാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ബംഗളൂരു നഗരത്തിന്റെ അതിവേഗ വികസനത്തിന്റെ ചുമതലകൂടി ശിവകുമാറിനുണ്ട്. കനകപുരയിലെ ഗ്രാമങ്ങള്‍ ഉടന്‍ തന്നെ ബംഗളൂരുവിന്റെ ഭാഗമാകും. അപ്പോള്‍ കച്ചവടക്കാര്‍ കനകപുരയിലെ ഭൂമിക്ക് നല്ല വില നല്‍കും. കൂടാതെ ഭാവിയില്‍ മണ്ഡലത്തെ ജില്ലാ ആസ്ഥാനമാക്കാനുളള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.ഇത് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന ജെഡിഎസിന് ഒരു മറുപടിയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2007 ഓഗസ്റ്റില്‍ കനകപുരയുടെ ഭാഗമായിരുന്ന രാംനഗര്‍ ബംഗളൂരു റൂറല്‍ ജില്ലയില്‍ നിന്നും വേര്‍പ്പെടുത്തിയത്. ഇത് ചന്നപാട്‌ന നഗരവുമായി ലയിക്കുന്നതിന് മുന്‍പ് തന്നെ രാംനഗറില്‍ നിന്നും ജെഡിഎസ് നേതാവ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കനകപുരയും അതിനടുത്തുളള മറ്റ് ഗ്രാമങ്ങളും ദേശീയ പാതയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗ്രാമങ്ങളുടെ അതിവേഗ വികസനത്തിന് കാരണമാകുമെന്നും ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.ബംഗളൂരുവിനും കനകപുരയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഹരോഹളളി പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ ഒരുങ്ങുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ബാംഗളൂരു കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി നിരവധി വികസനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നഗരത്തിനടുത്തുളള 110 ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തി പൗരസമിതി വിപുലീകരിച്ചു. രണ്ട് ദശലക്ഷത്തിലധികം ടെക് തൊഴിലാളികളും ആയിരക്കണക്കിന് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും ബംഗളൂരുവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശിവകുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കനകപുരയിലെ ഡി കെ ശിവകുമാറിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മെച്ചപ്പെടുത്താനുമാണ് ഇത്തരത്തിലുളള നീക്കമെന്ന് അദ്ദേഹം പ്രതികരിച്ചു. രാംനഗറില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് കനകപുര സ്ഥിതി ചെയ്യുന്നത്. ബംഗളൂരുവില്‍ നിന്നും 52 കിലോമീറ്റര്‍ അകലെയുമാണ് കനകപുരി. ഇതിലേതാണ് അടുത്ത് എന്നും കുമാരസ്വാമി പ്രതികരിച്ചു. കനകപുരിയിലെ ആളുകള്‍ക്ക് ജോലിക്കായി കൂടുതല്‍ ദൂരം യാത്ര ചെയ്യണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
 

Latest News