Sorry, you need to enable JavaScript to visit this website.

നഷ്ടക്കണക്കില്‍ ഫ്‌ളിപ്കാര്‍ട്ട്

ബംഗളൂരു- ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 4,890.6 കോടി രൂപയെന്ന് കണക്കുകള്‍. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളര്‍ പുറത്തുവിട്ട കണക്കുകളിലാണ് നഷ്ടം പറയുന്നത്. 

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ഫ്‌ളിപ്കാര്‍ട്ട്. കമ്പനിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ന്ഷ്ടം 3,371.2 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 44 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്ടം 4,839.3 കോടി രൂപയായി. പ്രവര്‍ത്തന കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 9.4 ശതമാനം വര്‍ധിച്ച് 56,012.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 51,176 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് ഇക്കാലയളവില്‍ 60,858 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ച് കമ്പനിയില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്സവകാല ഷോപ്പിങ്ങില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഫിളിപ്കാര്‍ട്ട് വിഐപി എന്ന പുതിയൊരു സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ഈ മാസം ആദ്യം അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് അതത് ദിവസം ഡെലിവറി, 48 മണിക്കൂറിനുള്ളില്‍ റിട്ടേണ്‍, 499 രൂപ വിലയുള്ള ഗിഫ്റ്റ് ബോക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതുവഴി ലഭ്യമാക്കുന്നുണ്ട്. കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും അഞ്ച് ശതമാനം സൂപ്പര്‍ കോയിന്‍സ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.

Latest News