Sorry, you need to enable JavaScript to visit this website.

കറക്കിവീഴ്ത്തി സാംപ, 21 ഓവറില്‍ കഥ കഴിഞ്ഞു

ന്യൂദല്‍ഹി -ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആവേശത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനെത്തിയ നെതര്‍ലാന്റ്‌സ് ദല്‍ഹി വിട്ടത് പേടിസ്വപ്‌നവുമായി. ഡേവിഡ് വാണറുടെ സെഞ്ചുറിയുടെയും (93 പന്തില്‍ 104) സ്റ്റീവന്‍ സ്മിത്തിന്റെയും (68 പന്തില്‍ 71) മാര്‍നസ് ലാബുഷൈന്റെയും (47 പന്തില്‍ 62) അര്‍ധ ശതകങ്ങളിലും ഞെരിഞ്ഞമര്‍ന്ന ഡച്ചുകാര്‍ അവസാന പത്തോവറിലെ മാക്‌സ്‌വെലിന്റെ (44 പന്തില്‍ 106) സംഹാരതാണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞു. 40 പന്തിലായിരുന്നു ഓള്‍റൗണ്ടറുടെ സെഞ്ചുറി. ആ പ്രഹരത്തില്‍ നിന്ന് ഡച്ചിന് കരകയറാനായില്ല. 21 ഓവറില്‍ 90 ന് അവര്‍ ഓളൗട്ടായി. ഓസീസിന് 309 റണ്‍സ് ജയം. ആദ്യ രണ്ടു കളിയും തോറ്റ അവര്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരമാണ് ജയിക്കുന്നത്. നെതര്‍ലാന്റ്്‌സിന്റെ ഏക ജയം ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ്. 

എട്ട് സിക്‌സര്‍
എട്ട് സിക്‌സറിന്റെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തില്‍ സെഞ്ചുറിയിലേക്ക് പറന്നപ്പോള്‍ നെതര്‍ലാന്റ്‌സ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. അതുവരെ അവര്‍ ഓസ്‌ട്രേലിയയെ ഒരുവിധം വരുതിയില്‍ നിര്‍ത്തിയിരുന്നു. ബാസ് ഡിലീഡ് എറിഞ്ഞ 49ാം ഓവറില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമായാണ് സെഞ്ചുറി പിന്നിട്ടത്. 2017 നു ശേഷം ആദ്യമായാണ് മാക്‌സ്‌വെല്‍ ഇന്ത്യയില്‍ അര്‍ധ ശതകം കടക്കുന്നത്. അവസാന ഓവറില്‍ പുറത്തായി. അവസാന അഞ്ചോവറില്‍ ഓസ്‌ട്രേലിയ നേടിയത് 87 റണ്‍സാണ്. 

സചിനൊപ്പം വാണര്‍
വാണര്‍ ഈ ലോകകപ്പിലെ രണ്ടാമത്തെ സെഞ്ചുറിയാണ് നേടിയത്. ലോകകപ്പുകളിലെ ആറാം സെഞ്ചുറിയോടെ ഇന്ത്യയുടെ സചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്തി. ഇന്ത്യയുടെ രോഹിത് ശര്‍മക്ക് ഏഴ് ലോകകപ്പ് സെഞ്ചുറിയുണ്ട്. 
മിച്ചല്‍ മാര്‍ഷിനെ (9) നാലാം ഓവറില്‍ നഷ്ടപ്പെട്ട ശേഷം വാണറും സ്മിത്തും 132 റണ്‍സ് കൂട്ടുകെട്ടിലൂടെ ടീമിനെ ചുമലിലേറ്റി. ലാബുഷൈനുമൊത്തുള്ള വാണറുടെ 84 റണ്‍സാണ് വന്‍ സ്‌കോറിലേക്ക് നയിച്ചത്. വാണറുടെ 22ാം ഏകദിന സെഞ്ചുറിയാണ് ഇത്. ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിന്റെ നായകനായിരുന്നു വാണര്‍. 

നാണം കെട്ട് ഡി ലീഡ്
നെതര്‍ലാന്റ്‌സിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ഓള്‍റൗണ്ടര്‍ ഓ്‌സ്‌ട്രേലിയക്കെതിരെ നാണം കെട്ടു. പത്തോവറില്‍ 115 റണ്‍സാണ് വഴങ്ങിയത്. (10-0-115-2). ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗാണ് ഇത്. 113 റണ്‍സ് വഴങ്ങിയ റെക്കോര്‍ഡാണ് തകര്‍ന്നത് -ഓസ്‌ട്രേലിയക്കാരായ ആഡം സാംപ (ഇന്ത്യക്കെതിരെ 2023), മിക് ലൂയിസ് (ദക്ഷിണാഫ്രിക്കക്കെതിരെ 2006).

ഫീല്‍ഡിംഗിലും മാക്‌സ്‌വെല്‍
ആറ് ബൗണ്ടറിയുമായി മുന്നേറിയ ഓപണര്‍ വിക്രംജിത് സിംഗിനെ നേരിട്ടെറിഞ്ഞിട്ട് നെതര്‍ലാന്റ്‌സിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത് മാക്‌സ്‌വെലാണ്. 62 റണ്‍സിലെത്തുമ്പോഴേക്കും അവരുടെ പകുതിയോളം ബാറ്റര്‍മാര്‍ പവിലിയനില്‍ തിരിച്ചെത്തി. വാലറ്റത്തെ സ്പിന്നര്‍ ആഡം സാംപ കറക്കിവീഴ്ത്തി (3-0-8-4). തന്റെ രണ്ടാം ഓവറില്‍ ലോഗന്‍ വാന്‍ബീക്കിനെയും (0) റുലോഫ് വാന്‍ഡര്‍മെര്‍വിനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ മടക്കിയ സാംപ അടുത്ത ഓവറില്‍ ആര്യന്‍ ദത്തിനെയും (1) പോള്‍ വാന്‍ മീക്കറനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്തി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മിച്ചലിന് രണ്ടു വിക്കറ്റ് കിട്ടി (4-0-19-2).

കോട്‌ലയില്‍ സെഞ്ചുറി മേള
ഈ ലോകകപ്പിലെ നാലു കളികളില്‍ ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ പിറന്നത് ആറ് സെഞ്ചുറികളാണ്. ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡികോക്ക്, റാസി വാന്‍ഡസന്‍, അയ്ദന്‍ മാര്‍ക്‌റം, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ രോഹിത് ശര്‍മ എന്നിവരാണ് നേരത്തെ സെഞ്ചുറിയടിച്ചത്. 

Latest News