ന്യൂദല്‍ഹി- വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന് പാര്‍ലമെന്റ് സമിതിയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ നീക്കം. ഇന്ത്യന്‍ ശിക്ഷാനിയമം പരിശോധിച്ച പാര്‍ലമെന്ററി സമിതി യോഗത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് കേന്ദ്രത്തിന് കൈമാറാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഐ.പി.സി, സി.ആര്‍.പി.സി എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒക്ടോബര്‍ 27ന് യോഗം ചേരും. ഒക്ടോബര്‍ 21 ന് വൈകിട്ട് തങ്ങള്‍ക്ക് ലഭിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് എം.പിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച ദിവസം തന്നെ കരട് പരിഗണിക്കുമെന്നാണ് ആഭ്യന്തര പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിലപാട്. ഭാരതീയ ന്യായ സംഹിത, കരട് റിപ്പോര്‍ട്ടുകള്‍ ഒക്ടോബര്‍ 27ന് അംഗീകരിക്കുമെന്ന് നോട്ടീസിലൂടെ അംഗങ്ങളെ അറിയിച്ചു.