Sorry, you need to enable JavaScript to visit this website.

ബൈക്ക് യാത്രക്കിടെ നഷ്ടമായ ഫോണ്‍ കണ്ടെടുത്തതെങ്ങനെ, കൗതുകമുള്ള ഒരു കഥ

എടപ്പാള്‍ - ഉടമയും സുഹ്യത്തുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട ഫോണ്‍ കണ്ടത്തി. എടപ്പാളില്‍ നിന്നു ബൈക്കില്‍ യാത്ര ചെയ്ത പൊറൂക്കര സ്വദേശിയായ യുവതിയുടെ സാംസങ് ഫോണാണ് നഷ്ടപ്പെട്ടത്. നിരന്തരം ഫോണിലേക്ക് വിളിച്ചെങ്കിലും കട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഫോണ്‍ മറ്റാരുടേയോ കൈയില്‍ കിട്ടിയതായി ഉറപ്പ്  വരുത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫോണ്‍ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തില്‍  സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ഫോണ്‍ കമ്പനിയുടെ അധികൃതരുമായി ബന്ധപ്പെടുകയും ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.
എടപ്പാളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ജി മെയില്‍ വഴി ലോഗിന്‍ ചെയ്തിരുന്ന ഫോണ്‍ വഴി അലാറം സെറ്റ് ചെയ്യുകയും റൂമിന് സമീപം വന്നു നില്‍ക്കുകയുമായിരുന്നു. അലാറം ശബ്ദിച്ചതോടെ ഫോണ്‍ കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍ ചങ്ങരംകുളത്ത് നിന്നാണ് ഫോണ്‍ കിട്ടിയതെന്നും ആളെ കണ്ടത്തി തിരിച്ച് തരാനിരിക്കയായിരുന്നെന്നും പറഞ്ഞു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഹരണ്യയുടെ ഫോണാണ് നഷ്ടപ്പെട്ടത്. സാംസങ്ങില്‍ ജോലി ചെയ്യുന്ന ഷഫീഖ് മാണൂരിന്റെ നേതൃത്വത്തില്‍ ഉദിനിക്കര സ്വദേശികളായ അക്ഷയ്, റഷീദ്, ഹരണ്യയുടെ സഹോദരി ശരണ്യ എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍ കണ്ടെത്തിയത്.

 

Latest News