കേരളത്തിൽ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രം ഇപ്പോൾ വയനാടാണ്. താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗതം മുടങ്ങിയത്. കടലാസിൽ കിടക്കുന്ന ബദൽ പാതകൾ യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കണം.
കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ആലപ്പുഴയും കുമരകവും തേക്കടിയും മൂന്നാറും കോവളവും. അതൊക്കെ പണ്ട്. ഇപ്പോൾ എല്ലാവരും കുതിക്കുന്നത് വയനാട്ടിലേക്കാണ്. കേരള സർക്കാരിന്റെയോ ടൂറിസം വകുപ്പിന്റെ മിടുക്ക് കൊണ്ടോ അല്ല ഇത് സാധിച്ചത്. ബംഗളൂരു ഐ.ടി ഹബായതോടെ വാരാന്ത്യങ്ങളിൽ എൻജോയ് ചെയ്യാനെത്തിയവർക്ക് വയനാട് ഇഷ്ടപ്പെട്ടു. ഇൻസ്റ്റ റീലുകളും വയനാടിനെ ലോകമെങ്ങും ഫെയ്മസാക്കി. തെക്കേ ഇന്ത്യയിൽ നിർബന്ധമായും കാണേണ്ട ആറ് സ്ഥലങ്ങളിൽ വയനാട് ഉൾപ്പെടുത്തിയ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ നിരവധി റീലുകൾ കണ്ടു. മലബാറിലെങ്ങും വയനാട്ടിൽ പോവുകയെന്നത് ഒരു ട്രെൻഡായി. താമരശ്ശേരി ചുരം കയറിയാൽ ലക്കിടി മുതൽ കർണാടക അതിർത്തി വരെ ധാരാളം റിസോർട്ടുകളുണ്ട്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും അടുത്തുള്ള വീടുകളിലെ പറമ്പുകൾ സ്വകാര്യ പാർക്കിംഗുകളായി. ടൂറിസം വളർന്നതിന്റെ ഗുണം സമ്പന്നർക്കെന്നത് പോലെ സാധാരണക്കാർക്കും ലഭിച്ചു. ഉൾക്കൊള്ളാവുന്നതിലേറെ യാത്രക്കാർ എത്തുന്നത് വയനാട്ടിൽ പ്രശ്‌നം സൃഷ്ടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കോഴിക്കോടിനെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. താമരശ്ശേരി ചുരത്തിനെന്തെങ്കിലും സംഭവിച്ചാൽ വയനാട് പ്രദേശം ഒറ്റപ്പെടും. ബദൽ മാർഗങ്ങളെപ്പറ്റി വാചകമടി കുറച്ചു കാലമായി കേൾക്കുന്നതല്ലാതെ ഒന്നും യാഥാർഥ്യമായിട്ടില്ല.
താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നാണ് അറിയപ്പെടുന്നത്. ദേശീയ പാത 212 ന്റെ ഭാഗമാണിത്. ചുരത്തിലൂടെയുളള യാത്ര തന്നെയാണ് ഏവരെയും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നത്. ഇരുവശങ്ങളും ഇടതൂർന്ന വനംവും വനത്തിലെ കോടമഞ്ഞും വഴിയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങന്മാരും കുറ്റിക്കാടുകൾ - -നിറഞ്ഞ മനോഹര കാഴ്ചകളുമാണ് യാത്രയിലൂടെ കാണാൻ കഴിയുന്നത്. കാടിന്റെ ഭംഗിയും കഥകളും ചരിത്രവും പറയുന്ന ചുരം സഞ്ചാര പ്രിയരുടെ പ്രധാന പാതയാണ്. കോടമഞ്ഞും വെളളച്ചാട്ടവും കണ്ണിന് കുളിർമ പകരുന്നതാണ്. മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ ഉറുമ്പുകളുടെ വലിപ്പത്തിൽ വാഹനങ്ങളും ഇട തൂർന്ന മലനിരകളും മതിവരാത്ത കാനനക്കാഴ്ചയും കൊതിപ്പിക്കുന്നവയാണ്. താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയിൽ അവസാനിക്കുന്ന ഈ പാതയിൽ ഒൻപത് ഹെയർപിൻ വളവുകളുണ്ട്. 12 കിലോമീറ്ററാണ് അടിവാരം മുതൽ ലക്കിടി വരെ. ചുരം അവസാനിക്കുന്നത് വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴാണ് -സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2625 അടി മുകളിൽ. ഹെയർപിൻ 9 ലെ വളവിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ ആകാശ ദൃശ്യം കാണാൻ സാധിക്കും. ചില സമയങ്ങളിൽ അപൂർവമായി അസ്തമയവും കടൽപരപ്പും കാണാൻ കഴിയും. മേഘങ്ങളും കോടമഞ്ഞും തന്നെയാണ് ചുരത്തിലെ പ്രധാന ആകർഷണം. വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും യാത്ര ചെയ്യാൻ ചുരം വഴി പാത നിർമിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി പല മാർഗങ്ങളും ഇവർ സ്വീകരിച്ചു. എന്നാൽ എല്ലാം പരാജയപ്പെട്ടു. പിന്നീട് കാടിനെയും ഭൂപ്രകൃതിയെയും അറിയാവുന്ന കരിന്തണ്ടനെയാണ് ബ്രിട്ടീഷുകാർ സഹായത്തിന് കൂടെ കൂട്ടിയത്. അങ്ങനെ എൻജിനീയർമാർ പുതിയ വഴി കണ്ടെത്തി. ആദിവാസിയുടെ സഹായത്തോടെ പാത കണ്ടെത്തിയത് നാണക്കേടായി മാറുകയും മറ്റാർക്കെങ്കിലും പുതിയ വഴി കാണിച്ചുകൊടുക്കുമോ എന്ന ഭയത്താലും കരിന്തണ്ടനെ ചങ്ങലയിൽ ബന്ധിച്ച് കൊല്ലുകയായിരുന്നു.
പൂജ അവധിക്കാലമായതിനാൽ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. ദസറക്ക് മൈസൂരിലേക്ക് പോകാൻ ഉള്ളവരും ഏറെ. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചത് സാഹചര്യത്തിന്റെ ഗൗരവം എടുത്തു കാട്ടുന്നു.
താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രിയിലും രൂക്ഷമായി തുടർന്നു. അവധി ആയതിനാൽ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും എട്ടാം വളവിൽ ലോറി കുടുങ്ങിയതുമാണ് ഗതാഗത തടസ്സത്തിനു കാരണം. അടുപ്പിച്ച് അവധി ദിനമായതിനാൽ നിരവധി പേരാണ് ചുരം വഴി ഞായറാഴ്ചയും തിങ്കളാഴ്ചയും യാത്ര ചെയ്യാനെത്തിയത്.
താമരശ്ശേരി ചുരമല്ലാതെ കോഴിക്കോട് കുറ്റിയാടിയിൽ നിന്ന് പക്രന്തളം വഴിയും കണ്ണൂർ ഭാഗത്തു നിന്നുള്ളവർക്ക് പേര്യ, ചുരങ്ങൾ വഴിയും മലപ്പുറത്തെ നാടുകാണി ചുരം വഴിയുമെത്താം. ഇതിനെല്ലാം പുറമേയാണ് കാൽ നൂറ്റാണ്ട് മുമ്പ് പറഞ്ഞുകേട്ട പേരാമ്പ്രക്കടുത്ത പൂഴിത്തോട്ട് നിന്ന് വൈത്തിരിയിലേക്കുള്ള ബദൽ പാത. ചുരമില്ലാതെ കോഴിക്കോട്ടെ തിരുവമ്പാടിയിൽ നിന്ന് വയനാട്ടിലേക്കൊരു പാതയും നിർദേശിക്കപ്പെട്ടിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് 2020 ൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ നിർമാണം തുടങ്ങിയതായും വായിച്ചിരുന്നു. ആ പഴയ പോസ്റ്റ് ഇതാ-
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം നാളെ (തിങ്കളാഴ്ച) നടക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റെയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമാണ പ്രവൃത്തി ഏൽപിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റെയിൽവേ കോർപറേഷൻ നിർവഹിക്കും. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ച് കൽപറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്ക പാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്ത് ദേശീയപാത 766 ൽ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.
അങ്ങനെയാണ് മൂന്ന് വർഷം മുമ്പത്തെ എഫ്.ബി പോസ്റ്റിൽ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നത് കണ്ടു. വയനാട്ടിലെ സ്ഥിതി വളരെ ഗുരുതരമാണ്. ഒരു ജനതയുടെ ഗതാഗത മാർഗം അടയാതെ നോക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. വെറുതെ ഡയലോഗ് വീശിയതുകൊണ്ടു കാര്യമില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ ബദൽ റോഡുകൾ നിർമിക്കണം.