കൊച്ചി- സൗദി യുവതിയെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്രാവൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചു. ഹോട്ടലിൽ വെച്ച് പരാതിക്കാരി തന്നെ ഇങ്ങോട്ട് വന്ന് കാണുകയായിരുന്നുവെന്നും താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള നിലപാടിൽ ഷാക്കിർ സുബ്ഹാൻ ഉറച്ചു നിന്നു. പരാതിക്കാരിയുടെ മൊഴിയും ഷാക്കിർ സുബ്ഹാന്റെ മൊഴിയും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ ഉണ്ടാകുക. മൊഴികളിൽ പൊരുത്തക്കേടുണ്ടെങ്കിലും ഇരുവരെയും വീണ്ടും വിളിച്ചു വരുത്തുമെന്ന് പോലീസ് അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഷാക്കിർ സുബ്ഹാൻ അവിടെ നിന്ന് നേരെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് ജാമ്യവ്യവസ്ഥ പ്രകാരം പാസ്‌പോർട്ട് സറണ്ടർ ചെയ്തു. താൻ നിരപരാധിയാണെന്നും അക്കാര്യം കോടതിയിൽ തെളിയിക്കുമെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഷക്കീർ സുബ്ഹാൻ പറഞ്ഞു. തന്റെ ജീവിതം കോടതിയുടെ കനിവിലാണ്. അതിനാൽ കേസിനെക്കുറിച്ച് കൂടുതലൊന്നും പുറത്തു പറയാൻ കഴിയില്ല. പൊലീസിനെയും കോടതിയെയും നിരപരാധിത്വം ബോധ്യപ്പെടുത്തിയായിരിക്കും മുന്നോട്ടു പോകുക. നിർദേശപ്രകാരം മറ്റ് കാര്യങ്ങൾ നീക്കും. തനിക്കെതിരെ പോലീസ് ലുക്കൗണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നില്ലെന്നും ഇക്കാര്യം വിമാനത്താവളത്തിൽ വെച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിരീകരിച്ചുവെന്നും സുബ്ഹാൻ അറിയിച്ചു.
അഭിമുഖത്തിനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ മല്ലു ട്രാവലർ എന്ന യുട്യൂബർ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഹൈക്കോടതി നേരത്തെ ഷാക്കിർ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്‌പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിർ സുബാൻ 25ന് നാട്ടിലെത്തുമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അഭിഭാഷകൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്.