Sorry, you need to enable JavaScript to visit this website.

അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; സ്വാമി അഗ്നിവേശ് സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം- കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ തന്നെ അക്രമിച്ച ഹിന്ദുത്വ ഗുണ്ടകളെ ഇതുവരെ പോലീസ് പിടികൂടാത്തതിനെ തുടര്‍ന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് നീതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സംഭവം നടന്ന് 18 ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് മനപ്പൂര്‍വ്വമാണെന്നും അദ്ദേഹം ആരോപിച്ചു. ആസൂത്രിത ആക്രമണമായിരുന്നു അത്. ഈ ക്രിമിനലുകളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടു പോലുമില്ല. ഇതെല്ലാം മനപ്പൂര്‍വമാണ്. നീതി തേടി അടുത്തയാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാമി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇത്തരം ആക്രമണങ്ങള്‍ തുടരുമ്പോള്‍ മൗനം തുടരുകയാണ്. ഇതൊരുപാട് കാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അവരുടെ പദ്ധതിയാണിത്. 2019ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പിന്നെ ജനാധിപത്യവും ഭരണഘടനയും നീതിയുക്തമായ തെരഞ്ഞെടുപ്പുകളും ഓര്‍മയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ പകൂറില്‍ ഗോത്രവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്വാമിയെ ജൂലൈ 17-നാണ് ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉടനടി നടപടി ഉണ്ടാകുമെന്ന ഉറപ്പു നല്‍കി മുഖ്യമന്ത്രി രഘുഭര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ പ്രതികളെ തിരിച്ചറിയാന്‍ പോലും പോലീസിനു കഴിഞ്ഞിട്ടില്ല.  

Latest News