ടെൽഅവീവ് - പിറന്ന മണ്ണിൽ ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ ക്രൂരകൃത്യങ്ങൾ പേറുന്നതിനിടെ ഗസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചതിനും പഴി ഹമാസിന്. ഗസയിലെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റാൻ കാരണമായ ഇന്ധനക്ഷാമത്തിന് പിന്നിൽ ഹമാസ് തന്നെയാണെന്നും അവർ വലിയ അളവിൽ ഇന്ധനം ഉപയോഗിക്കാതെ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ഇസ്രായേലിന്റെ ആരോപണം.
ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഇന്ധനമില്ലാത്തതു കാരണം ഗസയിലെ നിരവധി ആശുപത്രികളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത് ലോകസമൂഹത്തിൽനിന്നും ഇസ്രായേലിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പ്രശ്‌നം ഹമാസിന്റെ തലയിൽ കെട്ടിവെച്ചുള്ള പ്രതികരണം. അഞ്ചുലക്ഷത്തിലേറെ ലിറ്റർ ഡീസൽ ഹമാസ് ശേഖരിച്ചിട്ടുണ്ടെന്നും ഗസയിലെ നിലവിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമാണെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്. തെക്കൻ ഗസയിൽ റഫ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഹമാസിന്റെ നിയന്ത്രണത്തിൽ വലിയ ടാങ്കുകളിൽ ഇന്ധനം ശേഖരിച്ചുവെച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ സേന ആരോപിക്കുന്നത്.
'ആശുപത്രികൾ പ്രവർത്തിപ്പിക്കാനും വെള്ളം പമ്പ് ചെയ്യാനും ആവശ്യമായ ഇന്ധനം ഗസയിലുണ്ടെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) വക്താവ് ലെഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് എക്‌സിൽ കുറിച്ചു. എന്നാൽ, ഇസ്രായേലുമായി യുദ്ധം തുടരാൻ ഇന്ധനം ഉപയോഗിക്കാനാണ് ഹമാസ് ഇഷ്ടപ്പെടുന്നത്. മറിച്ചുള്ള അവകാശവാദം ഉന്നയിക്കുന്നവരെല്ലാം ഹമാസിനെ വെള്ളപൂശുകയാണെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.