കൊച്ചി- നടന്‍ വിനായകനെതിരായ കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍. പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുന്നതായും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ നടനെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതോടൊപ്പം പോലീസ് ഉദ്യഗസ്ഥരോട് മോശമായി പെരുമറിയതിന് പ്രത്യേകം കേസെടുത്തതായും ഡിസിപി പറഞ്ഞു. ഇതിന് രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പോലീസുകാരെ തെറിപറഞ്ഞിട്ടുണ്ടോ എന്നറിയാനായി വീഡിയോ ദൃശ്യം വീണ്ടും പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.
പോലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. നേരത്തെയും വിനായകന്‍ സ്റ്റേഷനിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു. വിനായകന്റെ പേഴ്‌സണല്‍ പ്രശ്‌നത്തില്‍ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപെട്ടത്. അത് പേഴ്‌സണല്‍ ഇഷ്യുവായതുകൊണ്ട് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു
പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ഉമാ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് 'സഖാവായതിന്റെ പ്രിവിലേജിലാണോ' എന്നും ഉമ തോമസ് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതിനെതിരെയുമുള്ള ഉമാ തോമസിന്റെ പ്രതികരണം.
കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്നാണ് പോലീസ് പറയുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിക്കുകയും. അതിന് നടനെക്കൊണ്ട് പിഴയടപ്പിച്ചു. വിനായകന്‍ എസ്‌ഐയോട് കയര്‍ത്തുവെന്നും പറയുന്നു.