ഫരീദാബാദ്- ഹരിയാനയിലെ ഫരീദാബാദിൽ മകളെ ശല്യം ചെയ്തവരുമായി ഏറ്റുമുട്ടിയ 52 കാരൻ മരിച്ചു. പ്രിൻസസ് പാർക്ക് റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന പ്രേം മേത്തയാണ് മരിച്ചത്. സൊസൈറ്റയിൽ നടന്ന ഗർബ പരിപാടിക്കിടെ മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് രണ്ട് യുവാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫരീദാബാദിലെ സെക്ടർ 86ലെ പ്രിൻസസ് പാർക്ക് സൊസൈറ്റിയിൽ നടന്ന ഗർബ പരിപാടിയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കുകയായിരുന്നു. ഇതിനിടെ, സൊസൈറ്റിയിലെ രണ്ട് യുവാക്കൾ ഇയാളുടെ മകളെ സമീപിച്ച് ബന്ധപ്പെടാനുള്ള നമ്പർ ചോദിച്ചു. ദാണ്ഡിയ പരിപാടിക്കിടെ ഇവർ പെൺകുട്ടിയുടെ കൈയിൽ അനുചിതമായി സ്പർശിച്ചതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
സംഭവമറിഞ്ഞ് വീട്ടുകാരുമെത്തി. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ യുവാക്കൾ തള്ളിയതിനെ തുടർന്ന് 52 കാരൻ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.
റെസിഡൻഷ്യൽ കോംപ്ലക്സിലെ ഗർബ പരിപാടിയിൽ ഇരുവിഭാഗവും കോളർ പിടിച്ച് പരസ്പരം തള്ളുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ ജമീൽ ഖാൻ പറഞ്ഞു.