Sorry, you need to enable JavaScript to visit this website.

മത്സ്യവിപണന മേഖലയിൽ സ്വദേശിവത്കരണം  ശക്തമാക്കും

റിയാദ്- ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി മത്സ്യവിപണന മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. 
സൗദി അക്വാകൾച്ചർ സൊസൈറ്റിയുമായി ചേർന്ന് 'സമക്' എന്ന പേരിൽ രാജ്യവ്യാപകമായി അനേകം വിൽപന കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചു. ഡിസംബർ അവസാനവാരത്തോടെ വിവിധ പ്രവിശ്യകളിലായി തുറക്കുന്ന 100 ഓളം മത്സ്യവിൽപന കേന്ദ്രങ്ങൾ വഴി ആയിരക്കണക്കിന് സൗദി യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സൗദി ഫിഷറീസ് മേധാവി ഡോ. അലി അൽശൈഖി അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്ത് മത്സ്യമേഖലയിൽ 28,048 പേർ ഉപജീവനം തേടുന്നുവെന്നാണ് കണക്ക്. മത്സ്യബന്ധനത്തിലും അനുബന്ധ ജോലികളിലുമായി ഏർപ്പെടുന്ന തൊഴിലാളികളുടെ എണ്ണം 2016നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 13 ശതമാനം വർധിച്ചിട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും വിദേശികളാണെന്നതാണ് മന്ത്രാലയത്തിന് മുന്നിലുള്ള വെല്ലുവിളി. നേരിട്ട് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം 9,223 ഉം തൊഴിലാളികളുടെ എണ്ണം 18,820 ഉം വരുമെന്ന് മന്ത്രാലയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം, അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളുടെ എണ്ണം 2016നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 8.3 ശതമാനം എന്ന തോതിൽ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. 2016ൽ 10,054 ബോട്ടുകൾ ഉണ്ടായിരുന്നിടത്ത് 9,224 എണ്ണമായി ചുരുങ്ങിയെന്ന് കാർഷിക, ജല വകുപ്പ് മന്ത്രാലയം വെളിപ്പെടുത്തുന്നു.
 

Latest News