നാൻജിംഗ് - പി.വി സിന്ധുവിന്റെ 'ഫൈനൽ ശാപം' ആവർത്തിച്ചു. തുടർച്ചയായ രണ്ടാമത്തെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ഇരുപത്തിമൂന്നുകാരിക്ക് കപ്പിനും ചുണ്ടിനുമിടയിൽ സ്വർണ മെഡൽ നഷ്ടപ്പെട്ടു. ഒളിംപിക് ചാമ്പ്യൻ കരൊലൈന മാരിനാണ് നേരിട്ടുള്ള ഗെയിമുകളിൽ സിന്ധുവിനെ തോൽപിച്ച് റെക്കോർഡായ മൂന്നാം തവണ ലോക കിരീടം നേടിയത്. സ്‌കോർ: 19-21, 10-21. തോൽവിയോടെ ഹൈദരാബാദുകാരി ഒരിക്കൽ കൂടി വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ക്വാർട്ടറിൽ സയ്‌ന നേവാളിനെയും നിഷ്പ്രയാസം തരിപ്പണമാക്കിയ സ്‌പെയിൻകാരിയുടെ വേഗത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സിന്ധുവിന് സാധിച്ചില്ല.
കഴിഞ്ഞ തവണ തന്നെ ആവേശകരമായ പോരാട്ടത്തിൽ കീഴടക്കിയ നൊസോമി ഒകുഹാരയെ ഇത്തവണ ക്വാർട്ടർ ഫൈനലിൽ സിന്ധു മുട്ടുകുത്തിച്ചിരുന്നു. എന്നാൽ മാരിൻ ഒരിക്കൽ കൂടി വഴിമുടക്കാനെത്തി. തോറ്റെങ്കിലും നാലു തവണ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരമായി സിന്ധു. 2010 ലെ ഗ്വാംഗ്ഷു ലോക ചാമ്പ്യൻഷിപ്പിലും 2014 ലെ കോപൻഹാഗൻ ചാമ്പ്യൻഷിപ്പിലും സിന്ധുവിന് വെങ്കലം കിട്ടിയിരുന്നു. മൂന്നു തവണ ലോക ചാമ്പ്യനാവുന്ന ആദ്യ വനിതാ താരമാണ് മാരിൻ. 2015 ലെ ജക്കാർത്ത ചാമ്പ്യൻഷിപ്പിൽ സയ്‌നയെയാണ് മാരിൻ ഫൈനലിൽ തോൽപിച്ചത്. 2014 ലും ലോക ചാമ്പ്യനായി.
മാരിനെതിരായ 12 കളികളിൽ 6-6 റെക്കോർഡുമായാണ് സിന്ധു ഫൈനലിന് ഇറങ്ങിയത്. ജൂണിൽ മലേഷ്യയിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ സിന്ധുവിനായിരുന്നു ജയം. ഇരുപത്തിമൂന്നുകാരി സിന്ധു മൂന്നാം സീഡായിരുന്നു. ഇരുപത്തഞ്ചുകാരി മാരിൻ ഏഴാം സീഡും. ആദ്യ ഗെയിമിൽ ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി. ആക്രമിച്ചു കളിച്ച മാരിൻ ഓരോ പോയന്റ് നേടിയപ്പോഴും അലറി വിളിച്ചു. ലീഡ് നിലനിർത്തിയ സിന്ധുവിനെ മാരിൻ 16-16 ൽ പിടിച്ചു. വിജയക്കുതിപ്പ് തുടരാൻ എളുപ്പം സെർവ് ചെയ്യാൻ ശ്രമിച്ച മാരിനെ പെട്ടെന്നൊരുങ്ങാതെ സിന്ധു പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. സിന്ധുവിന്റെ റിട്ടേൺ നെറ്റിൽ പതിച്ചതോടെ ആദ്യ ഗെയിം 27 മിനിറ്റിൽ മാരിൻ പിടിച്ചു. രണ്ടാം ഗെയിമിൽ മാരിൻ തിരിഞ്ഞുനോക്കിയില്ല. 11-2 ന് മുന്നിലെത്തിയ ഒളിംപിക് ചാമ്പ്യൻ ആ കുതിപ്പ് അവസാനം വരെ തുടർന്നു.
മറ്റൊരു ഫൈനൽ തോൽവി നിരാശാജനകമാണെന്ന് സിന്ധു പറഞ്ഞു. എല്ലാ ഒരുക്കവും നടത്തിയാണ് വന്നത്. എന്നാൽ അവളുടെ വേഗം അപാരമാണ്. എന്തായാലും ഞാൻ ശക്തമായി തിരിച്ചുവരും -സിന്ധു പറഞ്ഞു.
ചരിത്രം സൃഷ്ടിച്ച് മൊമോത
കെൻഡൊ മൊമോത പുരുഷ ബാഡ്മിന്റണിൽ ലോക ചാമ്പ്യനാവുന്ന ആദ്യ ജപ്പാൻകാരനായി. 2016 ൽ ലോക രണ്ടാം നമ്പറായിരിക്കെ നിയമവിരുദ്ധ ചൂതാട്ട കേന്ദ്രം സന്ദർശിച്ചതിന് ഒരു വർഷത്തോളം വിലക്കനുഭവിച്ച ഇരുപത്തിമൂന്നുകാരൻ പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നവർക്ക് വിജയം സമർപ്പിച്ചു. ഉദിച്ചുയരുന്ന താരങ്ങൾ തമ്മിലുള്ള ഫൈനലിൽ ചൈനയുടെ ഷി യുക്വിയെ 21-11, 21-13 ന് മൊമോത തോൽപിച്ചു. ഏഴാം സീഡാണ് ജപ്പാൻകാരൻ. സ്വന്തം പ്രവിശ്യയിൽ കളിച്ച ഷിക്ക് ജനക്കൂട്ടത്തിന്റെ പ്രതീക്ഷ പിരിമുറുക്കം സൃഷ്ടിച്ചു.
പതിവില്ലാത്ത വിധം നിരവധി പിഴവുകൾ വരുത്തി. മൂന്നാം സീഡായ ഷി സൂപ്പർ സ്റ്റാർ ലിൻ ദാനെയും ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗിനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.