Sorry, you need to enable JavaScript to visit this website.

ബന്ദികളായി ഇനിയെത്ര പേര്‍, ഇസ്രായിലും ഹമാസും ഇനിയെന്തു ചെയ്യും

ഹമാസ് മോചിപ്പിച്ച ഇസ്രായിലി മുത്തശ്ശി യോഖെവ്ദ് ലിഫ്ഷിറ്റ്‌സ് (85) തെല്‍ അവീവിലെ ഇച്ചിലോവ് ഹോസ്പിറ്റലില്‍.

ഗാസ സിറ്റി- നാലു പേരെ വിട്ടയച്ചുകൊണ്ട് ബന്ദികളുടെ കാര്യത്തില്‍ ഹമാസ് ശുഭപ്രതീക്ഷ നല്‍കിയിരിക്കയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇസ്രായില്‍ സൈന്യം ഗാസയില്‍ തുടരുന്ന കിരാത ബോംബിംഗിനോടൊപ്പം ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ഇസ്രായിലി തടവുകാരെക്കുറിച്ചും അവരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള വിശകലനങ്ങളും പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലിനുള്ളില്‍ നടത്തിയ മിന്നലാക്രമണത്തിനുശേഷം  200ലധികം പേരെ ഹമാസും മറ്റ് ഫലസ്തീന്‍  സംഘങ്ങളും ഗാസയില്‍ ബന്ദികളാക്കിയതായാണ് കരുതപ്പെടുന്നത്.
അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലെ ഇസ്രായില്‍ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം, ഇസ്രയിലി ജയിലുകളിലുള്ള നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണം തുടങ്ങിയ ഉപാധികളാണ് ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നത്.  
ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഇസ്രായില്‍  ഗാസയില്‍ നിര്‍ത്താതെയുള്ള വ്യോമാക്രമണങ്ങള്‍ നടത്തി. 2,360 കുട്ടികള്‍ ഉള്‍പ്പെടെ 5,800ഓളം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഗാസയില്‍ കരയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്നും ഇസ്രായില്‍ പറയുന്നു.
സൈനിക ഉദ്യോഗസ്ഥരടക്കം 222 പേര്‍ ഗാസയില്‍ ബന്ദികളാണെന്നാണ് ഇസ്രായില്‍ പുറത്തുവിട്ട പുതിയ കണക്ക്. എന്നാല്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 20 ലധികം തടവുകാര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരും കാണാതായവരും യു.കെ ഉള്‍പ്പെടെ 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ബന്ദികളാക്കിയവരെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
ഇസ്രായില്‍  അധികൃതര്‍ ഇതുവരെ ബന്ദികളാക്കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.  എന്നാല്‍ ഗണ്യമായ ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥരാണെന്ന് കരുതുന്നു. കുറഞ്ഞത് 10 യു.എസ് പൗരന്മാരെയെങ്കിലും ഇപ്പോഴും കണ്ടെത്താനായിട്ടില്ല, അവര്‍ ഗാസയില്‍ തടവിലാക്കപ്പെട്ടതായി കരുതുന്നു. ഖത്തറിന്റെ മധ്യസ്ഥതയെ തുടര്‍ന്ന് രണ്ട് യുഎസ് പൗരന്മാരെ വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചിരുന്നു.
ഗാസയില്‍ തടവിലാക്കിയ നാല് പേരെ ഹമാസ് മോചിപ്പിച്ച പശ്ചാത്തലത്തില്‍ മറ്റുള്ളവരും മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം.  

 

Latest News