ആലപ്പുഴ- ശാസ്ത്രീയമായും സമഗ്രമായും ദുരിതാശ്വാസ പ്രവർത്തനം നടത്താൻ കഴിഞ്ഞതാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദുരിതാശ്വാസ അവലോകന യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ജില്ലയിൽ 18 നു ക്യാമ്പുകൾ തുടങ്ങി. 900 ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേരുണ്ടായിരുന്നു. ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യമാണ്. കുട്ടനാട്ടിലെ 3.5 ലക്ഷത്തോളം പേരുൾപ്പെടെ ജില്ലയിലെ 6.5 ലക്ഷം ജനങ്ങൾ ദുരിത ബാധിതരായി. ഒരു ലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായി. പക്ഷേ സർക്കാരിന്റെ സമയോചിതമായ നപടികൾ മൂലം ഒരു വയറിളക്ക രോഗം പോലും ഉണ്ടാകാതെ നോക്കാനായതായി അദ്ദേഹം പറഞ്ഞു.
ജില്ലയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആലപ്പുഴ ജില്ലയിലെ റോഡുകൾക്കു മാത്രം 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പാചകവാതകം ക്യാമ്പുകളിൽ എത്തിച്ചു എന്നത് ഒരു പ്രത്യേകതയാണ്. ഓഗസ്റ്റ് അവസാനം വരെയുള്ള കർമ പരിപാടി തയാറാക്കിയാണ് ആരോഗ്യ മേഖലയുൾപ്പടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് 70 കോടി രൂപ ചെലവിൽ ഉയർത്തി പണിയും. ദുരന്തമുഖത്ത് എങ്ങനെയായിരിക്കണം ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന്നതിന്റെ ഉദാഹരണമാണ് കുട്ടനാട്ടിൽ കണ്ടത്. മനുഷ്യ സാധ്യമായതെല്ലാം അവിടെ ചെയ്യാൻ കഴിഞ്ഞു. വെള്ളപ്പൊക്കം നിയന്ത്രിക്കുകയെന്നതാണ് കുട്ടനാട്ടിലെ പ്രധാന പ്രശ്‌നമെന്നും കുട്ടനാട് പാക്കേജ് നടപ്പാക്കിയത് ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു തരത്തിലുള്ള ദുരന്തങ്ങളെയും നേരിടാൻ സംസ്ഥാനം തയാറാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ആലപ്പുഴയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആർക്കും കാര്യമായ രോഗബാധ ഇല്ലാതെ ഇതുവരെ മുന്നോട്ടു പോകാൻ കഴിഞ്ഞത് വലിയ കാര്യമാണ്. നാട്ടുകാരിൽ നിന്ന് റവന്യൂ ജീവനക്കാർക്കുൾെപ്പടെ എല്ലാ ജീവനക്കാർക്കും ആവശ്യമായ സഹകരണം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അപ്പർ കുട്ടനാട് പ്രദേശങ്ങൾ ഉൾപ്പെട്ട പത്തനംതിട്ടയിലെ 90 ക്യാമ്പുകളിലായി 8000 പേർ ഉണ്ടായിരുന്നതായി ജലവിഭവമന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. തോട്ടപ്പള്ളി സ്പിൽ വേയും അന്ധകാരനഴി പൊഴിയും തണ്ണീർമുക്കം ബണ്ടും കൃത്യസമയത്ത് തന്നെ തുറന്നു കൊടുത്തിരുന്നു. എന്നാൽ കടലിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഇതിന്റെ പ്രയോജനം കിട്ടിയില്ല.
അന്ധകാരനഴി പൊഴി പല തവണ തുറന്നു. ദുരന്ത നിവാരണ ഫണ്ടിൽനിന്നു നാല് ലക്ഷം രൂപ അനുവദിച്ചാണ് മൂന്നാമതും പൊഴി തുറന്നത്. എ.സി റോഡിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി ഒന്നാമത്തെ മട 29ന് പൂർത്തിയാക്കി. രണ്ടാമത്തേതും ഇപ്പോൾ അടച്ചു പമ്പിംഗ് നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ജലശുദ്ധീകരണത്തിന് ക്രമീകരണം നടത്തുന്നുണ്ടെന്നും സ്വകാര്യ കുടിവെള്ള കമ്പനികളുടെ സഹായത്താൽ 25,000 ലിറ്റർ കുപ്പിവെള്ളം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. മരുന്നുകൾക്ക് ഒരു കുറവു വരുത്താതെ മികച്ച പ്രവർത്തനം കാഴ്ചവെച്ചതായും അത്യാവശ്യ മരുന്നുകൾ കരുതലായി വെക്കാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വെള്ളം ഇറങ്ങുന്നതോടെ പകർച്ച വ്യാധികൾക്ക് സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിൽ താഴേത്തലം വരെ വ്യാപിക്കുന്ന കർമ പരിപാടിക്കാണ് രൂപം നൽകിയിട്ടുള്ളത്. ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ ഭരണവകുപ്പ്, റവന്യു, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ചെയ്യും. വെള്ളം പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പ് പ്രവർത്തിപ്പിക്കുന്നുണ്ട്.
ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഭക്ഷ്യവകുപ്പ് പൂർണ സജ്ജമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഒരു തരത്തിലുള്ള പരാതിയും ഇതു സംബന്ധിച്ചുണ്ടായിട്ടില്ല. 80 റേഷൻ കടകളിലെയും ആറു മാവേലി സ്റ്റോറുകളിലേയും അരിയുൾപ്പടെയുള്ള ഭക്ഷ്യധാന്യം വെള്ളപ്പൊക്കം മൂലം മാറ്റേണ്ടി വന്നിട്ടുണ്ട്. ഇവയേയെല്ലാം അതിജീവിച്ചാണ് ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടനാടിനെ അടിയന്തരമായി പൂർവ സ്ഥിതിയിലാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകും. പമ്പിംഗ് സബ്‌സിഡി കുടിശികയായി കിടന്നിരുന്ന 17.5 കോടി രൂപ സർക്കാർ ഇതിനകം നൽകിക്കഴിഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെ പ്ലാൻ ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ അനുമതി നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും പ്രതീക്ഷിക്കണം. സുനാമി ഷെൽട്ടർ പോലെ വെള്ളം കയറാത്ത വിധം ഉയരത്തിൽ വിവിധോദ്ദേശ്യ കേന്ദ്രങ്ങൾ ആരംഭിക്കും. അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. പുളിങ്കുന്ന് ആശുപത്രി 75 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം വെള്ളം കയറാത്ത വിധം ഉയർത്തി പണിയും. ഇതിനായി ശാസ്ത്രീയ സംവിധാനങ്ങൾ അവലംബിക്കും. മുഖ്യമന്ത്രിയുടെ യോഗം കുട്ടനാട് വികസനത്തിന് പുതിയൊരു കാഴ്ചപ്പാട് നൽകിയതായും മന്ത്രി പറഞ്ഞു.