Sorry, you need to enable JavaScript to visit this website.

ചൈനീസ് പ്രതിരോധ മന്ത്രിയെ രണ്ടു മാസമായി  കാണാനില്ല, പുറത്താക്കിയെന്ന് ചൈന 

ബെയ്ജിംഗ്-രണ്ട് മാസത്തോളമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത ചൈനീസ് പ്രതിരോധ മന്ത്രിയെ നീക്കിയതായി വിവരം. സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധമന്ത്രിയുമായ ലി ഷാംഗ്ഫുവിനെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനീസ് ഭരണകൂടം നീക്കുന്ന രണ്ടാമത് ഉന്നതനാണ് ലി. ജൂലായില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ക്വിന്‍ ഗാംഗിനെ ചൈന പുറത്താക്കിയിരുന്നു. ഇദ്ദേഹത്തെ ഇന്ന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലി ഷാംഗ്ഫു പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഓഗസ്റ്റ് 29ന് ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ച ശേഷം അദ്ദേഹത്തെ പുറംലോകം കണ്ടിട്ടില്ല. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസും രാജ്യത്തെ ഉന്നത സഭാംഗങ്ങളും ഇരു മന്ത്രിമാര്‍ക്കും എതിരായ നടപടിയെ പിന്തുണച്ചതായി ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തുകാരണത്താലാണ് പ്രതിരോധ മന്ത്രിയെ നീക്കിയതെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുതിയതായി ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലി അന്വേഷണം നേരിടുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ പുറത്താക്കിയ ക്വിന്‍ ഗാംഗിനെ നീക്കാനുള്ള കാരണവും ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


 

Latest News